അമ്പലപ്പുഴ: സർക്കാർ കൊട്ടിഘോഷിച്ച അതിദരിദ്ര കുടുംബങ്ങൾക്കായി നൽകേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കംപ്യൂട്ടർ സെന്ററിൽ ഏറ്റെടുക്കാൻ ആളില്ലാതെ കിടക്കുന്നു.
പുറക്കാട് പഞ്ചായത്തിലെ അതി ദരിദ്ര കുടുംബങ്ങൾക്കായി നൽകേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റുകളാണ് അമ്പലപ്പുഴയിലെ ജനസേവാ കേന്ദ്രത്തിൽ ഏറ്റെടുക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.
അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴയിലെ ജനസേവാ കേന്ദ്രത്തിലാണ് സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനായി ഏൽപ്പിച്ചത്. ഒരു വർഷം മുൻപ് ഒരു ഉദ്യോഗസ്ഥനാണ് ഇത് ഇവിടെ കൊണ്ടു വന്നത്.
അഡ്വാൻസ് നൽകിയിരുന്നില്ല. ചായ കുടിച്ചിട്ട് ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ ഉദ്യോഗസ്ഥൻ ഒരു വർഷം പിന്നിട്ടിട്ടും എത്തിയില്ലെന്ന് അനിൽകുമാർ പറയുന്നു.
സർട്ടിഫിക്കറ്റിലുള്ള പഞ്ചായത്ത് പ്രസിഡന്റിന്റേത് എന്നു പറയുന്ന ഫോൺ നമ്പരിൽ പലതവണ വിളിച്ചിട്ടും എടുത്തില്ലെന്ന് ഇദ്ദേഹം പറയുന്നു. അതിദരിദ്ര കുടുംബത്തിന്റെ ക്യുആർ കോഡും സർട്ടിഫിക്കറ്റിലുണ്ട്. പുതിയ ഭരണസമിതി വന്നതോടെ സർട്ടിഫിക്കറ്റ് ഇവിടെനിന്ന് എടുക്കുമെന്ന പ്രതീക്ഷയിലാണ് ഉടമ അനിൽകുമാർ.
