തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ.
ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായിരുന്നു.
ഇയാളെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസിൽ ആൻഡ്രൂ സാൽവദോറിനെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. സാൽവദോറിന്റെ അഭിഭാഷകയുടെ ജൂണിയറായിരുന്ന ആന്റണി രാജു.
ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാൻ തൊണ്ടിയിലെ അളവു വ്യത്യാസം നിർണായകമായി.
