തിരുവനന്തപുരം: വെളളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് ബോധമുണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയന് വെള്ളാപ്പള്ളി നടേശനെ തിരുത്താന്‍ തയാറാകണം. ഇപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പമാണ് വെള്ളാപ്പള്ളി നിലകൊള്ളുന്നത്.
കോണ്‍ഗ്രസിനെ അസഭ്യം പറഞ്ഞ് പോയ അദ്ദേഹം മുഖ്യമന്ത്രിയോടൊപ്പമാണ് ചേര്ന്നുനില്ക്കുന്നത്. അദ്ദേഹത്തെ വന്ദിക്കാനും നിന്ദിക്കാനും ഞങ്ങളില്ലെന്നും കെ.മുരളീധരന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച നടപടി തെറ്റാണ്. അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ പല സ്ഥലങ്ങളിലും സിപിഎം- ബിജെപി വോട്ട് കച്ചവടം നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയത്തില്‍ സിപിഎമ്മിനു പങ്കുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലും ജില്ലയിലും യുഡിഎഫ് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇപ്പോള്‍ എസ്ഐടി നടത്തുന്ന അന്വേഷണം മന്ദഗതിയിലാണ്.
നേരത്തെ വന്ദേഭാരത് ട്രെയിന്റെ വേഗത്തിലായിരുന്ന അന്വേഷണം ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിന്റെ വേഗത്തിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗുമായി സീറ്റ് തര്‍ക്കം ഉണ്ടാകില്ലെന്നും ലീഗ് ന്യായമായ ആവശ്യങ്ങളാണ് എപ്പോഴും ഉന്നയിച്ചിട്ടുള്ളതെന്നും കെ.മുരളീധരന് വ്യക്തമാക്കി.
