രാമങ്കരി: വഴിയിൽ കിടന്നുകിട്ടിയ 4000 രൂപ പോലീസിലേല്പിച്ചു വിദ്യാർഥികൾ നാടിനു മാതൃകയായി. രാമങ്കരി എൻഎസ്എസ് ഹയർസെക്കൻഡറി വിദ്യാർഥികളും എൻഎസ്എസ് വോളണ്ടിയർമാരുമായ ബി. മാധവ്, എബിൻ തങ്കച്ചൻ, ടി.ജെ. അനുമോദ് എന്നിവർ ചേർന്നാണ് പണം രാമങ്കരി പോലീസിലേല്പിച്ചത്.
സുഹൃത്തുക്കളായ ഇവർ ഇന്നലെ രാവിലെ രാമങ്കരി പഞ്ചായത്ത് ജെട്ടി റോഡിലൂടെ സ്കൂ ളിലേക്ക് പോകും വഴി എൽപി സ്കൂളിനു സമീപത്തുനിന്നാണ് പണം ലഭിക്കുന്നത്. സ്കൂളിലെത്തിയ ഉടനെ ഇവർ പ്രിൻസിപ്പൽ ആർ. ജയയെ വിവരം ധരിപ്പിക്കുകയും പിന്നീട് രാമങ്കരി സ്റ്റേഷനിലെത്തി പണം കൈമാറുകയുമായിരുന്നു.
തുടർന്ന് സിഐ ജയകുമാറും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ അഭിനന്ദിച്ചു.
