ശബരിമല: ഒരേ ലക്ഷ്യത്തോടെ കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങള്‍. മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെയും ആകാശത്തു വിരിയുന്ന സംക്രമനക്ഷത്രത്തിന്റെയും ദര്‍ശന സായൂജ്യത്തില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ സന്നിധിയില്‍ നടക്കുന്ന ദീപാരാധയുടെ പുണ്യംനുകര്‍ന്ന് മലയിറങ്ങുകയെന്നതാണ് ഈ ലക്ഷ്യം. പുണ്യദര്‍ശനം സാധ്യമായ ഇടങ്ങളെല്ലാം നിറഞ്ഞു.
പൊന്നമ്പലമേട്ടിലെ മകരജ്യോതിയുടെ വ്യൂ പോയിന്റുകളായി കണക്കാക്കുന്ന കാനനഭാഗങ്ങളിലെല്ലാം ദിവസങ്ങള്‍ക്കു മുമ്പേ ഭക്തര്‍ തമ്പടിച്ചിരിക്കുകയാണ്. ഇനി പമ്പയ്ക്കു പുറത്തുള്ള ദര്‍ശന കേന്ദ്രങ്ങളിലാണ് അല്പമെങ്കിലും ഇടമുള്ളത്. ഇവിടേക്ക് പ്രദേശവാസികളുള്‍പ്പെടെ എത്തുമെന്നതിനാല്‍ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും പെടാപ്പാട്.
മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഭക്തര്‍ ശരണ മന്ത്രങ്ങള്‍ മുഴക്കി തിരുവാഭരണത്തെ സന്നിധാനത്തേക്ക് സ്വീകരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തളത്തു നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകുന്നേരം 5.30 ഓടെ ശരംകുത്തിയില്‍ എത്തും.
തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീസ് ഓഫീസര്‍ എസ്. ശ്രീനിവാസ്, അസി.എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്.ജെ. ഹേമന്ത്, സോപാനം സ്പെഷല്‍ ഓഫീസര്‍ ബിജു വി. നാഥ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
6.15ന് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാര്‍, കെ.രാജു, സ്പെഷല്‍ കമ്മിഷണര്‍ ആര്.ജയകൃഷ്ണന്, ശബരിമല പോലീസ് ചീഫ് കോഡിനേറ്റര്‍ എഡിജിപി എസ്.ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തുടര്‍ന്ന് തിരുവാഭരണം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലില്‍ എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.
ഈ സമയം ആകാശത്ത്് മകര സംക്രമ നക്ഷത്രവും പൊന്നമ്പല മേട്ടില്‍ മകരവിളക്കും തെളിയും. ഇന്ന്്് ഉച്ചകഴിഞ്ഞ്് 2.45ന് നടതുറന്ന്് മൂന്നിന്് മകരസംക്രമ പൂജ ആരംഭിക്കും. തന്ത്രിയും മേല്‍ശാന്തിയും കാര്‍മികത്വം വഹിക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍വശം കൊടുത്തുവിടുന്ന നെയ്യാണ് സംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യുന്നത്.
