കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി ആറംഗ സംഘം പിടിയിലായ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിടിയിലാവരെല്ലാം നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതികളാണ്. 17 ഗ്രാം എംഡിഎംഎയുമായി കാരാപ്പുഴ സ്വദേശി ബാദുഷാ, ഷാഹില്‍, ഇര്ഫാന്, ഷൈന്‍ ഷാജി, അഖില്‍ ഷിബു, ഏബല്‍ ജോണ്‍ എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. നിരവധി കഞ്ചാവ് ലഹരി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ബാദുഷാ നഗരത്തില്‍ എത്തിയതായി ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
ലോഗോസ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘം ലോഡ്ജില്‍ ഒത്തുചേര്‍ന്നതു എന്തിനാണെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
