അഞ്ചല്‍ : ഭാര്യയുടെ ഫോണ്‍ നമ്പര്‍ ബന്ധുവായ യുവാവിന്റെ ഫോണില്‍ കണ്ടതിനെ തുടര്‍ന്നു യുവാവിനെയും ഇയാളുടെ ഭാര്യയേയും ക്രൂരമായി ആക്രമിച്ചു. ആയൂരിലാണ് സംഭവം. ആയൂര്‍ വഞ്ചിപ്പട്ടി സ്വദേശിക്കും ഭാര്യയ്ക്കുമാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ആയൂർ സ്വദേശിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: ബന്ധു വായ വഞ്ചിപ്പട്ടി സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ തന്റെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പർ സേവ് ചെയ്തിരിക്കുന്നത് പ്രതി കണ്ടു.
ഇതിന്റെ വൈരാഗ്യത്തില്‍ പട്ടിക കഷ്ണവുമായി വഞ്ചിപ്പട്ടി സ്വദേശിയുടെ വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി ബന്ധുവിന്റെ തലയ്ക്കും ദേഹത്തും അടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച ബന്ധുവിന്റെ ഭാര്യയുടെ തലയ്ക്കും പട്ടിക കമ്പ് കൊണ്ട് അടിച്ചു.
ബോധം നഷ്ടപ്പെട്ട് തറയില്‍ കിടന്ന ബന്ധുവിനെയും തലയ്ക്കു മുറിവേറ്റ ഭാര്യയേയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സകള്‍ക്കായി ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ബന്ധുക്കളുടെ പരാതിയില്‍ ചടയമംഗലം പോലീസ് മർദനമേറ്റ യുവാവിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു.
വധശ്രമം, അതിക്രമിച്ച് കടക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് വൈക്കല്‍ ഭാഗത്ത് നിന്നും പ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
