പരവൂർ: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെറും 3.5 മണിക്കൂറിൽ അതിവേഗം കുതിച്ചെത്താം. കേരളത്തിന്റെ ഗതാഗത രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അതിവേഗ റെയില്‍ ഇടനാഴിക്ക് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചു കഴിഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിനകത്ത് ഒരറ്റത്ത് നിന്ന് മറ്റെയറ്റത്തേക്ക് മിന്നൽ വേഗത്തിൽ യാത്ര ചെയ്യാം.
വന്ദേഭാരത് എക്സ്പ്രസിനേക്കാള്‍ വേഗത്തിലും കൃത്യതയിലും സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ സാധിക്കുന്ന ഈ പദ്ധതിക്ക് ‘മെട്രോമാൻ’ ഇ. ശ്രീധരനാണ് നേതൃത്വം നല്‍കുന്നത്. 2026 ജനുവരി 16-ന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പദ്ധതിക്ക് ഗതിവേഗം ലഭിച്ചത്.
നേരത്തെ ചർച്ച ചെയ്യപ്പെട്ട സില്‍വർ ലൈൻ പദ്ധതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും സില്‍വർ ലൈനിന് ആവശ്യമായിരുന്ന ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ ഈ പുതിയ പദ്ധതിക്ക് ആവശ്യമുള്ളൂ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങള്‍ വളരെ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഏകദേശം 70 മുതല്‍ 75 ശതമാനം ഭാഗവും ഉയര പാതയിലൂടെയോ അല്ലെങ്കില്‍ ഭൂമിക്കടിയിലൂടെയോ ആയിരിക്കും കടന്നുപോകുന്നത്. പുതിയ ഭൂമി ഏറ്റെടുക്കല്‍ നയം അനുസരിച്ച്, തൂണുകള്‍ക്ക് മുകളിലൂടെയുള്ള പാതയാണെങ്കില്‍ അതിന് താഴെയുള്ള ഭൂമി കൃഷി ആവശ്യങ്ങള്‍ക്കോ മറ്റോ ഉടമകള്‍ക്ക് ഉപയോഗിക്കാൻ വിട്ടുനല്‍കും.
മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാൻ കഴിയുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളാണ് ഈ പാതയില്‍ ഓടുക. നിലവില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയത്തിന്റെ പകുതി പോലും ഈ ട്രെയിനിന് ആവശ്യമില്ല. വെറും 3.5 മണിക്കൂറിനുള്ളില്‍ ഈ യാത്ര പൂർത്തിയാക്കാം. ഓരോ 20-25 കിലോമീറ്റർ ഇടവേളകളിലും സ്റ്റേഷനുകള്‍ ഉണ്ടാകും. ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഡല്‍ഹി-മീററ്റ് ലൈൻ പോലുള്ള റീജണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങളുടെ മാതൃകയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെയാണ് പാത നിർമിക്കുന്നത്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായിട്ടായിരിക്കും പാത പോവുക. കൊല്ലത്തിന് ശേഷം നിലവില്‍ ട്രാക്കുകളില്ലാത്ത മലയോര മേഖലകളിലൂടെയോ മറ്റ് സൗകര്യപ്രദമായ വഴികളിലൂടെയോ കണ്ണൂരിലേക്ക് എത്തും. ഭാവിയില്‍ ഇത് കാസർഗോഡ്, മംഗളൂരു വഴി മുംബൈയിലേക്ക് വരെ നീട്ടാനും പദ്ധതിയുണ്ട്.
കൊങ്കണ്‍ റെയില്‍വേ മാതൃകയിലായിരിക്കും ഈ പദ്ധതിയുടെ സാമ്പത്തിക ഇടപാടുകള്‍ നടക്കുക. കേന്ദ്ര സർക്കാർ 51 ശതമാനവും സംസ്ഥാന സർക്കാർ 49 ശതമാനവും മുതല്‍മുടക്കും.പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഒൻപത് മാസത്തിനുള്ളില്‍ പൂർത്തിയാക്കാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ പൊതുഗതാഗത രംഗത്ത് വൻ മാറ്റങ്ങളും വികസനത്തിന്റെ കുതിച്ചുചാട്ടവും ഉണ്ടാകുമെന്നും കരുതപ്പെടുന്നു.
