തിരുവനന്തപുരം: ഫാസിസ്റ്റ് വർഗീയശക്തികളും നിർമിത ബുദ്ധി കോർപ്പറേറ്റുകളും ഇന്ത്യയുടെ സമസ്ത മേഖലകളിലും വൻ അധിനിവേശം നടത്തുന്ന ഈ ഘട്ടത്തിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് ലോക പ്രശസ്ത ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ്.മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം ഇന്നലെ ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അരുന്ധതി.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന സംഘടനയാണ് മലയാറ്റൂർ ഫൗണ്ടേഷൻ.
ഉത്തരേന്ത്യയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ അവിടെ നടക്കുന്ന വർഗീയ കലഹങ്ങൾ ദിവസവും എന്റെ ഹൃദയം തകർക്കുകയാണ് . അരുന്ധതി റോയ് പറഞ്ഞു. കഴിഞ്ഞ വർഷം 300 പള്ളികൾ തീവച്ചു എന്നാണ് റിപ്പോർട്ട് . മണിപ്പൂരിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളും എല്ലാവർക്കും അറിവുള്ളതാണ്. വർഗീയത ആളിക്കത്തിക്കുക വളരെ എളുപ്പമാണ്. കേരളത്തിൽ ഈ അഗ്നി കൊളുത്താനുള്ള ശ്രമങ്ങൾ മലയാളികൾ ചെറുത്തുനിൽക്കണം.
സാംസ്കാരികമായും ബൗദ്ധികമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലവാരത്തിൽ നിൽക്കുന്നവരാണ് മലയാളികൾ. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കീഴടങ്ങാത്ത ലോകത്തിലെ തന്നെ ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് കേരളം.എന്നാൽ ഏത് നിമിഷവും വർഗീയ അധിനിവേശത്തിന്റെ കരങ്ങൾ കേരളത്തിലും ആഴ്ന്നിറങ്ങും. ഈ സത്യം കേരളം തിരിച്ചറിയേണ്ടതുണ്ട്. അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനതയിൽ, ജനങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിൽ, സമൂഹത്തിൽ, സംസ്കാരത്തിൽ, അങ്ങനെ ഇന്ത്യയുടെ ഓരോ മേഖലയിലും, അണുവിലും ഫാസിസം അതിന്റെ വേരുകൾ ആഴ്ത്തിയിരിക്കുകയാണ്.പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് കേരളത്തിലെ ജനങ്ങളെ ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിച്ച് ഇന്ത്യയുടെ ഭയാനകമായ അവസ്ഥ നേരിട്ട് കാണിച്ചു കൊടുക്കണമെന്ന്.
നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾക്കു നേർസാക്ഷിയാകുമ്പോൾ എഴുത്തുകാരി എന്ന നിലയിൽ ഞാൻ ഒരു പരാജയമാണെന്നും തോന്നാറുണ്ട്. അരുന്ധതി റോയ് വികാരാധീനയായി പറഞ്ഞു.നിർമിത ബുദ്ധിയുടെ കരാളഹസ്തങ്ങൾ നമ്മളെ അന്യവൽക്കരിക്കുന്ന കാലവും വളരെ അടുത്തിരിക്കുന്നു. നമ്മുടെ ആദർശങ്ങളും ചിന്തകളും എഴുത്തും എന്തിന് വാക്കും എതിർവാക്കും പോലും നമ്മുടേതല്ലാത്തതായി മാറുന്ന കാലമാണിത്.
സർഗാത്മക ലോകത്തേക്ക് നിർമിത ബുദ്ധിയുടെ അധിനിവേശം ഏറ്റവും വിനാശകരമാണ്. പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക്. എല്ലാത്തരം അധിനിവേശങ്ങൾക്കും എതിരെ നമ്മൾ ജാഗരൂകരാകേണ്ടതുണ്ട്.കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മാറിമാറി ഭരിക്കുന്നുണ്ട്.അവർ തമ്മിൽ സംഘർഷങ്ങളും പ്രശ്നങ്ങളും നടക്കുന്നതും സ്വാഭാവികം. എന്നാൽ ഡൽഹിയിലുള്ളവരെ ഭരണത്തിലേക്ക് കൊണ്ടുവരാൻ ഒരിക്കലും ശ്രമിക്കരുത് എന്നും പുഞ്ചിരിയോടെ അരുന്ധതി റോയ് കൂട്ടിച്ചേർത്തു.
കേരളത്തെ ഞാൻ വളരെയേറെ സ്നേഹിക്കുന്നു. കേരളത്തിന്റെ മതേതരത്വത്തെയും. എന്റെ അച്ഛൻ ബംഗാൾ സ്വദേശിയാണ്. എന്നാലും ഒരു മലയാളിയാണ് ഞാൻ എന്ന് പറയുവാനാണ് എനിക്ക് ഇഷ്ടം.കേരളത്തെ ഏറെ സ്നേഹിക്കുന്നത് കൊണ്ടുതന്നെ ആശങ്കയും കൂടുതലാണ്. കേരളത്തിലേക്ക് വരുമ്പോൾ എന്റെ കുടുംബത്തിൽ എത്തുന്ന അതേ വികാരമാണ്. അരുന്ധതിയുടെ വാക്കുകൾ കേട്ട് സദസ് ഒന്നടങ്കം കരഘോഷം മുഴക്കിയപ്പോൾ അരുന്ധതി കൂട്ടിച്ചേർത്തു.
വൈകാരികതയ്ക്കപ്പുറം ഇതിൽ രാഷ്ട്രീയവും സർഗാത്മകപരവും സാംസ്കാരികവുമായ ഘടകങ്ങളുമുണ്ട്. ഒരു വർഗീയ ശക്തിക്കു മുന്നിലും കേരളത്തിന്റെ സ്വത്വം അടിയറവ് വയ്ക്കരുത് എന്നും ഇംഗ്ലീഷ് ഭാഷയിൽ നടത്തിയ മറുപടി പ്രസംഗത്തിനിടയിൽ അരുന്ധതി പറഞ്ഞു.മലയാറ്റൂർ ഫൗണ്ടേഷന്റെ അവാർഡ് ശില്പം രൂപകൽപ്പന ചെയ്ത ചിത്രകാരൻ ബി. ഡി. ദത്തനെ ആദരിക്കുന്ന ചടങ്ങും നടന്നു. ചലച്ചിത്രതാരവും മലയാറ്റൂർ രാമകൃഷ്ണന്റെ ഉറ്റ ബന്ധുവുമായ ജയറാം ബി.ഡി.ദത്തനെ ആദരിച്ചു.
ചടങ്ങിൽ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ്. എം. അലി അധ്യക്ഷത വഹിച്ചു. ജൂറി ചെയർമാൻ ഡോ. വി. രാജകൃഷ്ണൻ പുരസ്കാര വിശദീകരണം നടത്തി. സംസ്ഥാന സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ.എസ്. അയ്യർ മുഖ്യാതിഥി ആയിരുന്നു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി. റഹീം ആശംസ നേർന്നു പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ.ശ്രീകുമാർ സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് അംഗം ജോൺ തോമസ് കൃതജ്ഞത പറഞ്ഞു.
- സ്വന്തം ലേഖിക
