ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഫാ​സി​സം വേ​രു​റ​പ്പി​ക്കു​ന്നു; കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​രു​ന്ധ​തി റോ​യ്

തി​രുവനന്തപുരം: ഫാ​സി​സ്റ്റ് വ​ർ​ഗീ​യ​ശ​ക്തി​ക​ളും നി​ർ​മിത ബു​ദ്ധി കോ​ർ​പ്പ​റേ​റ്റു​ക​ളും ഇ​ന്ത്യ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വ​ൻ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ലോ​ക പ്ര​ശ​സ്ത ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യ്.മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ഥ​മ സ​മ​ഗ്ര സം​ഭാ​വ​നാ പു​ര​സ്കാ​രം ഇ​ന്ന​ലെ ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​രു​ന്ധ​തി.

സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡന്‍റുമാ​യ കെ. ​ജ​യ​കു​മാ​ർ അ​രു​ന്ധ​തി റോ​യി​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ മ​ല​യാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ന്റെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ൻ.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ൽ അ​വി​ടെ ന​ട​ക്കു​ന്ന വ​ർ​ഗീ​യ ക​ല​ഹ​ങ്ങ​ൾ ദി​വ​സ​വും എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ക്കു​ക​യാ​ണ് . അ​രു​ന്ധ​തി റോ​യ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 300 പ​ള്ളി​ക​ൾ തീ​വ​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട് . മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും അ​റി​വു​ള്ള​താ​ണ്. വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​ക വ​ള​രെ എ​ളു​പ്പ​മാ​ണ്. കേ​ര​ള​ത്തി​ൽ ഈ ​അ​ഗ്നി കൊ​ളു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ചെ​റു​ത്തു​നി​ൽ​ക്ക​ണം.

സാം​സ്കാ​രി​ക​മാ​യും ബൗ​ദ്ധി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്ക് കീ​ഴ​ട​ങ്ങാ​ത്ത ലോ​ക​ത്തി​ലെ ത​ന്നെ ചു​രു​ക്കം ചി​ല ഇ​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കേ​ര​ളം.​എ​ന്നാ​ൽ ഏ​ത് നി​മി​ഷ​വും വ​ർ​ഗീ​യ അ​ധി​നി​വേ​ശ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ കേ​ര​ള​ത്തി​ലും ആ​ഴ്ന്നി​റ​ങ്ങും. ഈ ​സ​ത്യം കേ​ര​ളം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. അ​രു​ന്ധ​തി റോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ൻ ജ​ന​ത​യി​ൽ, ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ, സ​മൂ​ഹ​ത്തി​ൽ, സം​സ്കാ​ര​ത്തി​ൽ, അ​ങ്ങ​നെ ഇ​ന്ത്യ​യു​ടെ ഓ​രോ മേ​ഖ​ല​യി​ലും, അ​ണു​വി​ലും ഫാ​സി​സം അ​തി​ന്‍റെ വേ​രു​ക​ൾ ആ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.​പ​ല​പ്പോ​ഴും ഞാ​ൻ ചി​ന്തി​ക്കാ​റു​ണ്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ബീ​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് ഇ​ന്ത്യ​യു​ടെ ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ നേ​രി​ട്ട് കാ​ണി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന്.

ന​മ്മു​ടെ നാ​ട്ടി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കു നേ​ർ​സാ​ക്ഷി​യാ​കു​മ്പോ​ൾ എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ൽ ഞാ​ൻ ഒ​രു പ​രാ​ജ​യ​മാ​ണെ​ന്നും തോ​ന്നാ​റു​ണ്ട്. അ​രു​ന്ധ​തി റോ​യ് വി​കാ​രാ​ധീ​ന​യാ​യി പ​റ​ഞ്ഞു.നി​ർ​മിത ബു​ദ്ധി​യു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ൾ ന​മ്മ​ളെ അ​ന്യ​വ​ൽ​ക്ക​രി​ക്കു​ന്ന കാ​ല​വും വ​ള​രെ അ​ടു​ത്തി​രി​ക്കു​ന്നു. ന​മ്മു​ടെ ആ​ദ​ർ​ശ​ങ്ങ​ളും ചി​ന്ത​ക​ളും എ​ഴു​ത്തും എ​ന്തി​ന് വാ​ക്കും എ​തി​ർ​വാ​ക്കും പോ​ലും ന​മ്മു​ടേ​ത​ല്ലാ​ത്ത​താ​യി മാ​റു​ന്ന കാ​ല​മാ​ണി​ത്.

സ​ർ​ഗാ​ത്മ​ക ലോ​ക​ത്തേ​ക്ക് നി​ർ​മിത ബു​ദ്ധി​യു​ടെ അ​ധി​നി​വേ​ശം ഏ​റ്റ​വും വി​നാ​ശ​ക​ര​മാ​ണ്. പ്ര​ത്യേ​കി​ച്ചും പു​തി​യ ത​ല​മു​റ​യ്ക്ക്. എ​ല്ലാ​ത്ത​രം അ​ധി​നി​വേ​ശ​ങ്ങ​ൾ​ക്കും എ​തി​രെ ന​മ്മ​ൾ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​തു​ണ്ട്.കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും മാ​റി​മാ​റി ഭ​രി​ക്കു​ന്നു​ണ്ട്.​അ​വ​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ന​ട​ക്കു​ന്ന​തും സ്വാ​ഭാ​വി​കം. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലു​ള്ള​വ​രെ ഭ​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രി​ക്ക​ലും ശ്ര​മി​ക്ക​രു​ത് എ​ന്നും പു​ഞ്ചി​രി​യോ​ടെ അ​രു​ന്ധ​തി റോ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തെ ഞാ​ൻ വ​ള​രെ​യേ​റെ സ്നേ​ഹി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തെ​യും. എ​ന്‍റെ അ​ച്ഛ​ൻ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണ്. എ​ന്നാ​ലും ഒ​രു മ​ല​യാ​ളി​യാ​ണ് ഞാ​ൻ എ​ന്ന് പ​റ​യു​വാ​നാ​ണ് എ​നി​ക്ക് ഇ​ഷ്ടം.​കേ​ര​ള​ത്തെ ഏ​റെ സ്നേ​ഹി​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ആ​ശ​ങ്ക​യും കൂ​ടു​ത​ലാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ എ​ന്‍റെ കു​ടും​ബ​ത്തി​ൽ എ​ത്തു​ന്ന അ​തേ വി​കാ​ര​മാ​ണ്. അ​രു​ന്ധ​തി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് സ​ദ​സ് ഒ​ന്ന​ട​ങ്കം ക​ര​ഘോ​ഷം മു​ഴ​ക്കി​യ​പ്പോ​ൾ അ​രു​ന്ധ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​കാ​രി​ക​ത​യ്ക്ക​പ്പു​റം ഇ​തി​ൽ രാ​ഷ്ട്രീ​യ​വും സ​ർ​ഗാ​ത്മ​ക​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ളു​മു​ണ്ട്. ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക്കു മു​ന്നി​ലും കേ​ര​ള​ത്തി​ന്‍റെ സ്വ​ത്വം അ​ടി​യ​റ​വ് വ​യ്ക്ക​രു​ത് എ​ന്നും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​നി​ട​യി​ൽ അ​രു​ന്ധ​തി പ​റ​ഞ്ഞു.മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ അ​വാ​ർ​ഡ് ശി​ല്പം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ചി​ത്ര​കാ​ര​ൻ ബി. ​ഡി. ദ​ത്ത​നെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ന്നു. ച​ല​ച്ചി​ത്ര​താ​ര​വും മ​ല​യാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ന്‍റെ ഉ​റ്റ ബ​ന്ധു​വു​മാ​യ ജ​യ​റാം ബി.​ഡി.​ദ​ത്ത​നെ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ്. എം. ​അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​റി ചെ​യ​ർ​മാ​ൻ ഡോ. ​വി. രാ​ജ​കൃ​ഷ്ണ​ൻ പു​ര​സ്കാ​ര വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ദി​വ്യ.​എ​സ്. അ​യ്യ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​ റ​ഹീം ആ​ശം​സ നേ​ർ​ന്നു പ്ര​സം​ഗി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ആ​ർ.​ശ്രീ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ൺ തോ​മ​സ് കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment