തിരുവല്ല: മഞ്ഞാടിയിലെ സ്പാ കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയാണ് (22) അറസ്റ്റിലായത്. ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസിലെ ഒന്നാം പ്രതി സുബിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന വിവരം തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇന്നലെ രാത്രി ചങ്ങനാശേരിയില്‍ നിന്നു ഷിന്റോയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് മഞ്ഞാടിയിലെ സ്പായില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണു കേസ്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതു നല്‍കാത്തതിന്റെ വിരോധത്തിലായിരുന്നുവത്രേ ക്രൂര പീഡനം. കേസിലെ ഒന്നാം പ്രതി സുബിന് കാപ്പാ കേസിലുള്‍പ്പെട്ടയാളാണ്.
സ്പായിലെ സഹപ്രവര്‍ത്തക സംഘത്തെ പിന്തുണച്ചുവെന്ന തരത്തില്‍ അതിജീവിത നല്കിയ മൊഴി അന്വേഷണസംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിന്മേല് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര് കേസില്‍ പ്രതികളായേക്കുമെന്ന് അന്വേഷണസംഘം സൂചന നല്കി.
സ്പാകളില്‍ മാസപ്പടി വാങ്ങല്‍, ഗുണ്ടാബന്ധം സംബന്ധിച്ച പരാതികളില്‍ തിരുവല്ലയിലെ ചില പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
