മുന്തിരിയും മുന്തിരിത്തോട്ടവും ആരും ഇഷ്ടപ്പെടുന്നതാണ്. മുന്തിരിത്തോപ്പ് കാണാന്‍ തമിഴ്നാട്ടിലെ കമ്പത്തോ കര്‍ണാടകയിലോ ഒക്കെ പോകണം. എന്നാല്‍ കോട്ടയത്തിനു സമീപം പള്ളത്ത് ഏഴു സെന്റ് ഭൂമിയില്‍ മനോഹരമായ മുന്തിരിത്തോട്ടം ഒരുക്കിയിരിക്കുകയാണ് സഹോദരങ്ങളായ പള്ളം ശ്രീരംഗം ത്രിവേണിയില്‍ ശ്രീകുമാറും ശ്രീപ്രകാശും. ഇവരുടെ സഹോദരസ്നേഹത്തിലും ഒരുമയിലും ഈ തോട്ടത്തിലെ മുന്തിരവള്ളികള്‍ തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്തു.
യൂണിയന് ബാങ്കില്‍നിന്ന് മാനേജരായി വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് ശ്രീകുമാര്‍. സ്വകാര്യ കമ്പനിയില്‍നിന്ന് റിട്ടയര്‍ ചെയ്തയാളാണ് ശ്രീപ്രകാശ്. ശ്രീകുമാറിന്റെ ബാങ്ക് ജീവിതം കൂടുതലും തമിഴ്നാട്ടിലായിരുന്നു. ഈ സമയത്ത് തിരിപ്പുര്‍ ചെന്നിമലൈ പ്രദേശത്ത് മുന്തിരികൃഷിക്ക് വായ്പ എടുക്കാനെത്തിയവര്‍ക്ക് വായ്പ ശരിയാക്കി കൊടുക്കുന്ന ജോലിയായിരുന്നു ശ്രീകുമാര്‍ പ്രധാനമായും ചെയ്തിരുന്നത്.
ഫാം വിസിറ്റിംഗും മറ്റുമായി മുന്തിരിത്തോട്ടങ്ങള്‍ കാണാനും കൃഷിരീതികള്‍ മനസിലാക്കാനും സാധിച്ച ശ്രീകുമാര്‍ ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സഹോദരന് ശ്രീപ്രകാശിനോട് പറഞ്ഞു വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് മുന്തിരിതൈകള് നട്ടുവളര്‍ത്തിയാലോ എന്ന്. ആദ്യമൊന്നു ശങ്കിച്ചെങ്കിലും നഴ്സറിയില്‍നിന്നു തൈകള്‍ വാങ്ങി വീടിനോടു ചേര്‍ന്ന സ്ഥലത്ത് തൈകള്‍ നട്ടു. ഇപ്പോള്‍ ഏഴു സെന്റ് സ്ഥലം നിറയെ കൃഷിയുണ്ട്. തൈ നട്ട് ഒരു വര്‍ഷമാകാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ മുന്തിരികള്‍ കായ്ച്ചു തുടങ്ങി.
മറ്റു കൃഷികള്‍ പോലെയല്ല മുന്തിരികൃഷി. പരിചരണവും നനയും കൃത്യമായ പ്രൂണിംഗും നടത്തിയെങ്കില്‍ മാത്രമേ കായ്കള്‍ ഉണ്ടാകുകയുള്ളൂ. മുന്തിരികൃഷിക്ക് നല്ല വെയില് ആവശ്യമാണ്, ഒപ്പം മുന്തിരി ചെടികളുടെ ചുവട്ടില്‍ തണലും. ആവശ്യത്തിനു വെള്ളവും വേണം, 10 ദിവസത്തില്‍ ഒരിക്കല്‍ വളവും നല്‍കണം. പൂര്‍ണമായും ജൈവവളമാണ് നല്‍കുന്നത്. ചാണകപ്പൊടി, എല്ലുപൊടി, കഞ്ഞിവെള്ളം പുളിപ്പിച്ചത്, കടലപ്പിണ്ണാക്ക്, മത്സ്യവും മാംസവുമൊക്കെ ഒക്കെ കഴുകിയ വെള്ളം ഇവയാണ് നല്‍കുന്നത്.
ഇതുവരെ 60,000 രൂപയോളം മുന്തിരിത്തോട്ടത്തിനായി ഇവര്‍ ചെലവഴിച്ചുകഴിഞ്ഞു. മുന്തിരിവള്ളികള്‍ പടരാന്‍ നല്ല പന്തല്‍ വേണം. ഒരു മുന്തിരിച്ചെടി 25 വര്‍ഷത്തോളം ഫലം നല്‍കും, ചെടിയെ എങ്ങനെ സംരക്ഷിക്കുന്നു എന്നകാര്യത്തെ ആശ്രയിച്ചിരിക്കും ഫലപ്രാപ്തി. മുന്തിരിപ്പഴത്തിന്റെ രുചിയും മധുരവുമെല്ലാം ചെടിക്ക് നല്കുന്ന പരിചരണത്തെ ആശ്രയിച്ചാണ്. മുന്തിരിപ്പഴങ്ങള്‍ അഞ്ചു മാസത്തില്‍ പാകമാകും.
വിശ്രമകാലത്തെ വിനോദം വലിയ വിജയമായ സന്തോഷത്തിലാണ് ഇരുവരും. വീടിനോടു ചേര്‍ന്നുള്ള കുറച്ചു സ്ഥലത്തുകൂടി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ സഹോദരന്മാര്. കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച കാണുന്നതിനും മുന്തിരി കൃഷിയേക്കുറിച്ച് അറിയാനും ധാരാളം ആളുകളാണ് പള്ളത്തെ വീട്ടിലെത്തുന്നത്. ശ്രീകുമാര്‍ -9846724133.
ജിബിന്‍ കുര്യന്
