കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്കുശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കണ്ണൂർ റെയിൽവേ പോലീസാണ് ഇവർക്കെതെിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്ത കെഎസ്യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരേയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡ് ചെയ്തത്.
