രാമങ്കരി: കുട്ടനാടൻ ജനതയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നോണം യുഡിഎഫ് അധികാരത്തിൽ വരുന്പോൾ മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ചു നിയമപരമായി അധികാരങ്ങളുള്ള കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റിക്ക് രൂപംനല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പുതുയുഗയാത്രയുമായി ബന്ധപ്പെട്ട് യുഡിഎഫ്.
കുട്ടനാട് നിയോജകമണ്്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി എസ്എൻഡിപി ശാഖായോഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ പോലെ കർഷകർക്ക് ഉത്പാദനചെലവ് പ്ലസ് 50 ശതമാനം എന്ന കണക്കിൽ വരുമാനം ലഭ്യമാകും വിധം നടപടികൾ സ്വീകരിക്കും.
നെല്ല് സംഭരണം ഈ സർക്കാർ തകർത്ത് തരിപ്പണമാക്കി. കേന്ദ്രം നെല്ലിന് ഒരു രൂപ കൂട്ടുന്പോൾ ഇവരിവിടെ ഇൻസെന്റീവ് ഒരു രൂപ കുറയ്ക്കും ഇപ്പോൾ 33 രൂപ കർഷകർക്ക് ലഭിക്കേണ്ടതാണ്. യഥാർഥത്തിൽ ഇവർ ആളുകളെ പരിഹസിക്കുകയാണ്. കുട്ടനാടിനെ സംരക്ഷിക്കാൻ കഴിഞ്ഞ10 വർഷമായി ഈ സർക്കാർ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കും.
ഇന്ത്യയിൽ ഇന്ന് വിലക്കയറ്റത്തിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണന്നും എം. വി. ഗോവിന്ദനെ പോലെ പച്ചക്കള്ളം പറയുന്നൊരാൾ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.കൊടിക്കുന്നിൽ സുരേഷ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ബഷീർ, പാലക്കാട് എംപി. വി.കെ.ശ്രീകണ്ഠൻ, മോൻസ് ജോസഫ്, അഡ്വ. ജോൺസൺ ഏബ്രഹാം, അഡ്വ. ബി .ബാബു പ്രസാദ്, കോൺഗ്രസ് വക്താവ് അനിൽബോസ്, പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. യുഡിഎഫ് കൺവീനർ തങ്കച്ചൻ വാഴേച്ചിറ സ്വാഗതവും ജില്ലാപഞ്ചായത്തംഗം സി. വി. രാജീവ് നന്ദിയും പറഞ്ഞു.
