ഉപ്പുതറ: രോഗിയായ വീട്ടമ്മയെ പരിചരിക്കാൻനിന്ന വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച യുവതിയെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം താന്നിമൂട് ശ്യാമളാലയത്തിൽ ദിവ്യ (35)യാണ് അറസ്റ്റിലായത്. മേരികൂളം ചേമ്പളം ഇലവുങ്കൽ റോസമ്മയുടെ വീട്ടിൽനിന്നാണ് ഇവർ രണ്ട് മാല മോഷ്ടിച്ചത്. മക്കൾ എല്ലാവരും വിദേശത്താണ്.
രോഗിയായ റോസമ്മയെ പരിചരിക്കാനും വീട്ടുജോലിക്കുമായി രണ്ടുവർഷം മുൻപാണ് ദിവ്യ റോസമ്മയുടെ വീട്ടിലെത്തിയത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നതും ദിവ്യയായിരുന്നു. കഴിഞ്ഞ 12ന് റോസമ്മയുടെ ഇളയ മകൻ അഭിലാഷ് വിദേശത്തുനിന്നു നാട്ടിലെത്തി. പണം ആവശ്യമായി വന്നപ്പോൾ മാല പണയം വയ്ക്കാൻ തീരുമാനിച്ചു. രണ്ടുമാലയും ചേർത്ത് ആറ് പവൻ തൂക്കമുണ്ടായിരുന്നു. പണയം വയ്ക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് രണ്ട് മാലയും മുക്കുപണ്ടമാണെന്നറിഞ്ഞത്.
വീട്ടിലെത്തി ദിവ്യയോട് വിവരം ചോദിച്ചെങ്കിലും നിഷേധിച്ചു. മറ്റാരെങ്കിലും വീട്ടിൽ വന്നാലും മുറിക്കുള്ളിൽ ആരും കയറാറില്ലായിരുന്നു.അലമാരയുടെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം റോസമ്മയ്ക്കും ദിവ്യക്കുമല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല. ദിവ്യയെ സംശയിക്കാൻ ഇതാണ് കരണം. തുടർന്ന് ഉപ്പുതറ പോലീസിൽ പരാതി നൽകി ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ആറു മാസം മുൻപ് രണ്ട് മാലയും ദിവ്യ കൈക്കലാക്കി കട്ടപ്പന, മേരികുളം എന്നിവിടങ്ങളിലെ രണ്ട് ധനകാര്യ സ്ഥപനങ്ങളിൽ പണയംവച്ച് മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നു.പകരം അതേ വലിപ്പത്തിലുള്ള രണ്ടു മുക്കുപണ്ടം വാങ്ങി അലമാരയിൽ വയ്ക്കുകയും ചെയ്തു. മോഷ്ടിച്ച മാല ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പോലീസ് കണ്ടെത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
