എരുമേലി: ബാങ്ക് വായ്പ എടുത്തു നിർമിച്ച വീടുൾപ്പടെ സ്ഥലം വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം കിട്ടാഞ്ഞതിനു പിന്നാലെ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിച്ചതോടെ വീട്ടിൽനിന്നിറങ്ങി ബന്ധുവീട്ടിൽ അഭയംതേടി നിർധന കുടുംബം. വിധവയായ അമ്മയും പത്തും ഒമ്പതും വയസുള്ള രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലായത്. മണിമല കറിക്കാട്ടൂർ കിഴക്കേ പയ്യനാട്ട് ലിജിൻ മാത്യുവും മക്കളും ആണ് ഈ ദുരവസ്ഥയിൽ. കഴിഞ്ഞ ദിവസമാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തിനോട്ടീസ് പതിച്ചത്.
കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തിൽ അടുത്ത ദിവസം വീടും സ്ഥലവും ബാങ്കിന്റെ അധീനതയിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ വസ്ത്രങ്ങളും വീട്ടു സാധനങ്ങളുമായി കണ്ണീരോടെ ലിജിനും മക്കളും ബന്ധുവീട്ടിൽ എത്തുകയായിരുന്നു. 2017ൽ ലിജിൻ മാത്യുവിന്റെ ഭർത്താവ് കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽനിന്നു വീട് നിർമിക്കുന്നതിനു വേണ്ടി 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് രോഗബാധിതനായി 2022ൽ നാട്ടിൽ തിരിച്ചെത്തുന്നതുവരെ അഞ്ച് വർഷത്തോളം മുടങ്ങാതെ തിരിച്ചടവ് നടത്തിയിരുന്നു.
2023 ജൂൺ 19ന് ഭർത്താവ് മരിച്ചു. ഇതിന് പിന്നാലെ ഇവരുടെ വീടും സ്ഥലവും ഉൾപ്പടെ ചെറുവള്ളി എസ്റ്റേറ്റും അനുബന്ധ സ്വകാര്യ ഭൂമികളും നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു വേണ്ടി സർക്കാർ ഏറ്റെടുത്ത് ഗസറ്റ് വിജ്ഞാപനമായി. കുടിശികയായ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്ത വസ്തുവിന്റെ നഷ്ടപരിഹാരം ലഭിക്കേണ്ട സ്ഥിതിയായി.
സർക്കാർ ഏറ്റെടുത്ത ഭൂമി ആയതിനാൽ വിറ്റ് ബാങ്ക് വായ്പ അടയ്ക്കാനും സാധിച്ചില്ല. കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മുഖേന സർഫാസി ആക്ട് പ്രകാരം കഴിഞ്ഞ ജനുവരിയിൽ ലിജിന്റെ വീടും 20 സെന്റും ജപ്തി നടത്താൻ ഉത്തരവായിരുന്നു. കോടതി നിയോഗിച്ച കമ്മീഷൻ നൽകിയ സാവകാശം കഴിഞ്ഞതോടെയാണ് ഇപ്പോൾ ജപ്തിനോട്ടീസ് പതിച്ചിരിക്കുന്നത്.
ലിജിന്റെ ഹർജിയിൽ 2024ൽ ജപ്തി ഒഴിവാക്കി സർക്കാരിൽനിന്ന് നഷ്ടപരിഹാരം വാങ്ങി ബാങ്ക് വായ്പ തീർക്കാനും ബാക്കി തുക ലിജിനും കുടുംബത്തിനും കിട്ടാനും മനുഷ്യാവകാശ കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് നഷ്ടപരിഹാര തുക നിശ്ചയിക്കാനുള്ള മൂല്യനിർണയം നടത്തിയ റവന്യുവകുപ്പ് മഹസർവരെ തയാറാക്കിയതാണ്.
എന്നാൽ, വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസിൽ കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത് നിയമപ്രശ്നത്തിലായതോടെ റവന്യുവകുപ്പിൽ നടപടികൾ നിലച്ചു. ഇക്കാര്യം ഉന്നയിച്ച് വീണ്ടും ലിജിൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും റവന്യുവകുപ്പിൽ നിന്ന് മറുപടി ലഭിക്കാത്തത് മൂലം കമ്മീഷനിൽ ഹിയറിംഗ് നടപടികൾ തടസപ്പെട്ടിരിക്കുകയാണ്.
