റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്ന് പറഞ്ഞാലും അതൊന്നും മിക്ക ആളുകളും പാലിക്കാറില്ല. എത്രയൊക്കെ കാമറ നിരീക്ഷണത്തിൽ ഇരുന്നാലും ആളുകൾ അവർക്ക് തോന്നുന്നപോലെയുള്ള കാര്യങ്ങളാകും ചെയ്യുന്നത്. അത്തരമൊരു വ്യക്തിയെ ചോദ്യം ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ വൈറലാകുന്നത്.
വ്ലോഗറായ അനൻ എന്ന യുവാവ് ആണ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിപ്പോഴാണ് സംഭവം. ഡൽഹിയിലെ ദൗള കുവാൻ മെട്രോ സ്റ്റേഷന് മുന്നിൽവച്ച് കാറിൽ നിന്നും ഒരാൾ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. അയാളെ അനൻ ചോദ്യം ചെയ്തു. ഇതാണ് സംഭവത്തിന്റെ തുടക്കം.
കാറിലെത്തിയ വ്യക്തി കൈയിലുണ്ടായിരുന്നു മാലിന്യങ്ങൾ അടങ്ങിയ കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെക്കുറിച്ച് അനൻ ചോദ്യം ചെയ്തു. എന്നാൽ യുവാവിനോട് കാറിലെത്തിയയാൾ ദേഷ്യപ്പെടാൻ ആരംഭിച്ചു. അസഭ്യ വാക്കുകൾ പറയാൻ തുടങ്ങിയതോടെ അനൻ കാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു. അതോടെ അയാൾ യുവാവിനോട് കൂടുതൽ പ്രകോപിതനായി.
‘വിദേശ രാജ്യങ്ങളിലെ ശുചിത്വം ഇന്ത്യയിലും കൊണ്ടുവരണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ ആളുകളെ ബോധവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അവർ അക്രമാസക്തരാകുകയാണ് ചെയ്യുന്നത്. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും എന്ന മനോഭാവമാണ് പലർക്കും. ഇത് കാണുമ്പോൾ ആളുകളെ ബോധവൽക്കരിക്കാനുള്ള താല്പര്യം തന്നെ നഷ്ടപ്പെടുന്നു’ എന്ന കുറിപ്പോടെ അനൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചു.
