കൊച്ചി: കൊച്ചി കോര്‍പറേഷന്റെ മുന്‍ ഡപ്യൂട്ടി മേയര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. സിറ്റിംഗ് എംഎല്‍എയായ ടി.ജെ. വിനോദിനെ നേരിടാന്‍ എല്‍ഡിഎഫ് നിയോഗിക്കുന്നത് സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജിനെ. ഇരുവരും കോര്പറേഷന് ഉപാധ്യക്ഷരും മണ്ഡലത്തില്‍ സുപരിചിതരും. സാബുവും വിനോദും കൊച്ചി കോര്‍പറേഷനിലേക്ക് ഒരേ ഡിവിഷനില്‍ പരസ്പരം മത്സരിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
എറണാകുളത്ത് മൂന്നാം ജയം തേടിയിറങ്ങുന്ന വിനോദിനെ നേരിടാന്‍, സാബു ജോര്‍ജിനെ കളത്തിലിറക്കുന്നതില്‍ വിജയസാധ്യതയാണ് എല്‍ഡിഎഫ് പരിഗണിച്ചത്. എറണാകുളത്ത് സിപിഎം സ്വതന്ത്രനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ ആലോചന.
ജനതാദള്‍-എസ് മത്സരിച്ചിരുന്ന അങ്കമാലി ഏറ്റെടുത്ത് എറണാകുളം സീറ്റ് അവര്‍ക്കു പകരം നല്കാന് തീരുമാനിച്ചതും സാബുവിനെ മനസില്‍ കണ്ടായിരുന്നു. ലത്തീന്‍ സഭാംഗമായ സാബുവിന്റെ എറണാകുളത്തെ വിശാലമായ ബന്ധങ്ങളും പ്രവര്‍ത്തനപരിചയവും ശക്തമായ മത്സരത്തിനു സാധ്യത തുറക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
പത്തു വര്‍ഷം കോര്പറേഷന് കൗണ്‍സിലറായിരുന്ന സാബു ജോര്‍ജ് 1995 -2000 കാലഘട്ടത്തിലാണ് ഡപ്യൂട്ടി മേയറായത്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്റെ കാരണക്കോടം ഡിവിഷനിലായിരുന്നു സാബു ജോര്‍ജും ടി.ജെ. വിനോദും തമ്മില്‍ മത്സരം നടന്നത്.
അന്നു ജയിച്ച വിനോദ് ഡപ്യൂട്ടി മേയറായി. ഇന്നു നഗരത്തില്‍ റോഡ് ഷോയോടെ ഇടതുസ്ഥാനാര്‍ഥി പ്രചാരണം തുടങ്ങും.അതേസമയം എറണാകുളത്തു തങ്ങള്‍ക്കു വിജയം ഉറപ്പെന്നു ടി.ജെ. വിനോദും യുഡിഎഫും അവകാശപ്പെടുന്നു.
- സ്വന്തം ലേഖകന്‍
