കാഠ്മണ്ഡു: നേപ്പാൾ മുൻപ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു.
നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ശർമ ഒലിയെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നും നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്.
‘ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് ചെയ്തത്, നിയമപ്രകാരം നടപടികൾ മുന്നോട്ട് പോകും,” കാഠ്മണ്ഡു വാലി പോലീസ് വക്താവ് ഓം അധികാരി എഎഫ്പിയോട് പറഞ്ഞു. ‘ഉറപ്പ്, ഉറപ്പ് തന്നെയാണ്, ആരും നിയമത്തിന് അതീതരല്ല’- ആഭ്യന്തര മന്ത്രി സുഡാൻ ഗുരുംഗ് പ്രതികരിച്ചു.
മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തു. ഇത് ആരോടുമുള്ള പ്രതികാരമല്ല; നീതിയുടെ തുടക്കം മാത്രമാണ്. ഇനി രാജ്യം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു’ അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, തന്നെ അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയായാണെന്നും നിയമപോരാട്ടം നടത്തുമെന്നും ശർമ ഒലി മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ വർഷം നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ 19 യുവാക്കൾ ഉൾപ്പടെ 70 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. വ്യാപകമായ അഴിമതി, സർക്കാർ ഓഫീസുകളിലെ കാലതാമസം, സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം എന്നിവയ്ക്കെതിരെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.
പ്രക്ഷോഭത്തെ തുടര്‍ന്ന് ശര്‍മ ഒലിയുടെ സര്‍ക്കാര്‍ രാജിവച്ചൊഴിയുകയും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.
