രാമങ്കരി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ യുഡിഎഫുകാർക്കിടയിൽ നടന്ന ഡീൽ മറനീക്കി പുറത്തുവന്നിരിക്കുകയാണന്ന് തോമസ് കെ. തോമസ് എംഎൽഎ പറഞ്ഞു.
രാമങ്കരിയിൽ കുട്ടനാട് നിയോജകമണ്ഡ ലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം നല്കി ഏതെങ്കിലും നേതാക്കളെ ചിലപ്പോൾ വിലയ്ക്കു വാങ്ങാൻ സാധിച്ചേക്കും.
എന്നാൽ, ആത്മാഭിമാനമുള്ള കുട്ടനാട്ടുകാരനെ വിലയ് ക്കു വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വകവരുത്തി ഉപതെരഞ്ഞെടുപ്പ് നടത്തി കുട്ടനാട്ടിൽ മത്സരിക്കാമെന്ന വ്യാമോഹവുമായാണ് യുഡിഎഫിന്റെ ഇന്നത്തെ സ്ഥാനാർഥി നേരത്തെ എൻസിപിയിലെത്തിയത്.
അതു നടക്കാതെ വന്നതോടെയാണ് കേരള കോൺഗ്രസിൽ ചേർന്നത്. എംഎൽഎയെ കൊലപ്പെടുത്താനുള്ള പരിശ്രമം നടത്തുന്നയാൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ്.
ആ ആരോപണവിധേയൻ തന്നെ സ്ഥാനാർഥിയായത് ഡീലിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡീൽ നടത്തിയവരെ തെരഞ്ഞെടുപ്പ് കഴിയുന്പോൾ കുട്ടനാട്ടുകാർ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
