പാലക്കാട്: സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി. രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ടു ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി. ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരുകൂട്ടർക്കുമിതു ജീവൻ മരണ പോരാട്ടം.
2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ എം.ബി. രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നു സിപിഎം ഉറപ്പിക്കുന്നു. 2011ലും 2016ലും യുഡിഎഫിന്റെ വി.ടി. ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല.
മണ്ഡലത്തിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെങ്കിലും യുഡിഎഫ്- എൽഡിഎഫ് പോരിനിടെ ഇവർക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സ്ഥാനാർഥിയായെത്തുന്നത്. അതുകൊണ്ടുതന്നെ എൻഡിഎ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നു വേണം കരുതാൻ. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലുണ്ടായ വർധന ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
1965 മുതൽ ഇടതും വലതും മാറിമാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലംകൂടിയാണ് തൃത്താല. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടൊന്നുമില്ല. 2021ല് 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് വിജയിച്ചത്. കോൺഗ്രസിനു ശക്തിയുള്ള ഇടങ്ങളിൽപോലും മുന്നേറാൻ അന്നു ബൽറാമിനു കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇത്തവണ യുഡിഎഫ് ക്യാന്പിൽ വിള്ളലുകളില്ല. മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ പരിപൂർണപിന്തുണയുമായാണ് ബൽറാമിന്റെ പ്രചാരണം മുന്നേറുന്നത്.
മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇക്കുറി എല്ഡിഎഫിന്റെ പ്രചാരണം. വികസനങ്ങൾ ഒന്നുമില്ലാതെ, പിആർ വർക്കുകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസ് പക്ഷം. ബൽറാം- രാജേഷ് വാക്പോരുതന്നെയാണ് മണ്ഡലത്തിലെ പോരാട്ടച്ചൂട് കൂട്ടുന്നത്. വികസനം സംബന്ധിച്ച തുറന്ന സംവാദങ്ങളിലാണ് വാക്പോര് കൊഴുക്കുന്നതും.
എം.വി. വസന്ത്
