പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ തിരക്ക് പരിഹരിക്കുന്നതിനായി രാജ്യത്തെ 76 പ്രധാന സ്റ്റേഷനുകളിൽ അത്യാധുനിക സൗകര്യങ്ങളോടെ “പാസഞ്ചർ ഹോൾഡിംഗ് ഏരിയ’ സ്ഥാപിക്കുന്നു. പ്ലാറ്റ്ഫോമുകളിലെ തിരക്കു കുറച്ച് യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഒഴിവാക്കാൻ സ്റ്റേഷനു പുറത്തായി സജ്ജീകരിക്കുന്ന പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളാണിവ. ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്ലറ്റുകൾ, ടിക്കറ്റിംഗ് കൗണ്ടറുകൾ, ട്രെയിൻ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ എന്നിവ ഇവിടെയുണ്ടാകും.പുതിയ പ്രോട്ടോക്കോൾ പ്രകാരം, റിസർവേഷൻ സ്ഥിരീകരിച്ചവർക്ക് മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കൂ. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്കും ടിക്കറ്റ് ഇല്ലാത്തവർക്കും ടിക്കറ്റ് കൺഫേം ആകുന്നത് വരെ ഈ ഹോൾഡിംഗ് ഏരിയകളിൽ വിശ്രമിക്കാം.
ജനക്കൂട്ടത്തെ തത്സമയം നിരീക്ഷിക്കാൻ കൃത്രിമബുദ്ധി (എഐ) ഉപയോഗിക്കുന്ന സിസിടിവി കാമറകൾ സ്റ്റേഷനുകളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രധാന സ്റ്റേഷനുകളിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് “വാർ റൂമുകൾ’ പ്രവർത്തിക്കും. ആശയവിനിമയത്തിനായി ഡിജിറ്റൽ ഉപകരണങ്ങളും ജീവനക്കാർക്ക് ക്യുആർ കോഡ് അടങ്ങിയ തിരിച്ചറിയൽ കാർഡുകളും നൽകും.
സുഗമമായ സഞ്ചാരത്തിനായി 12 മീറ്ററും ആറ് മീറ്ററും വീതിയുള്ള പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾ നിർമിക്കാനും പദ്ധതിയുണ്ട്.ഇത് കൂടാതെ ഭരണപരമായ കാര്യങ്ങളിൽ വലിയ മാറ്റമാണ് റെയിൽവേ വരുത്തുന്നത്. പ്രധാന സ്റ്റേഷനുകളിലെ സ്റ്റേഷൻ ഡയറക്ടർമാരുടെ പദവി ഉയർത്തുകയും അവർക്ക് സാമ്പത്തിക അധികാരങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക അധികാരങ്ങൾ നൽകുകയും ചെയ്യും.
സ്റ്റേഷനിലെ മറ്റ് എല്ലാ വകുപ്പുകളും ഡയറക്ടർക്ക് കീഴിലായിരിക്കും. തിരക്ക് കണക്കിലെടുത്ത് ടിക്കറ്റ് വിൽപന നിയന്ത്രിക്കാനുള്ള അധികാരം ഇനി മുതൽ സ്റ്റേഷൻ ഡയറക്ടർക്കായിരിക്കും.ന്യൂഡൽഹിയിൽ വിജയകരമായി നടപ്പിലാക്കിയ ഈ മാതൃക വൈകാതെ തന്നെ പ്രധാനപ്പെട്ട മറ്റ് 76 സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
