തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സഹായം സിപിഎമ്മോ ഇടതുമുന്നണിയോ തേടിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ഇടതുമുന്നണിയോ സ്ഥാനാർഥി വി. ശിവൻകുട്ടി നേരിട്ടോ എസ്ഡിപിഐയുടെ സഹായം ചോദിച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി ശക്തികൾ കേരളത്തിലും രാജ്യത്തുമുണ്ട്.
രാഷ്ട്രീയമായി എൽഡിഎഫിനോട് യോജിപ്പില്ലാത്തവർ പോലും ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫിനു വോട്ടു ചെയ്തിട്ടുണ്ടാകാം. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണു ശരിയായ ബദൽ എന്നു തോന്നുന്നതു കൊണ്ടാണു ജനങ്ങൾ ഇത്തരത്തിൽ വോട്ടു ചെയ്യുന്നതെന്നും അല്ലാതെ ഏതെങ്കിലും തരത്തിലുള്ള രഹസ്യ ധാരണയുടെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റുള്ളവരുടെ മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകില്ല
മറ്റുള്ളവരുടെ മനസിലുള്ള ചോദ്യങ്ങൾക്കു തനിക്ക് ഉത്തരം നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കുറച്ചു ദിവസങ്ങളായി ചില മാധ്യമപ്രവർത്തകർ ബോധപൂർവം ബഹളമുണ്ടാക്കാൻ ശ്രമിക്കുന്നു. മാധ്യമപ്രവർത്തകരുമായി ആദ്യമായി സംവദിക്കുന്ന ആളല്ല താൻ. എന്നാൽ മുന്പു ചെലവഴിച്ചിരുന്ന അത്രയും സമയം ഇപ്പോൾ നൽകാൻ സാധിക്കില്ല.
സാധാരണയായി പത്രസമ്മേളനത്തിന്റെ ആമുഖം 15 മുതൽ 20 മിനിറ്റുവരെയാണു നീ കഴിഞ്ഞ ദിവസം വിശദമായ മറുപടി ആവശ്യമായ രണ്ടോ മൂന്നോ ചോദ്യങ്ങൾ വന്നതോടെ സമയം 40 മിനിറ്റ് പിന്നിട്ട സാഹചര്യത്തിലാണു പത്രസമ്മേളനം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്തു നടത്തിയ പത്രസമ്മേളനത്തിനിടെ ഉണ്ടായ വിവാദത്തിനുള്ള മറുപടി പറയുകയായിരുന്നു ഇന്നലെ മുഖ്യമന്ത്രി.
പ്രത്യേക ചാനലുകൾക്കും പത്രങ്ങൾക്കും മാത്രമേ മറുപടി നൽകുന്നുള്ളൂ എന്നാരോപിച്ചു കൊല്ലത്തു ചില മാധ്യമ പ്രവർത്തകർ നടത്തിയ പ്രകടനം കാരണമാണു താൻ തിരികെ വന്നു മറുപടി നൽകിയത്. തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണു മറുപടി നൽകാറുള്ളത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വക്രീകരിക്കാനാണു ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പു കാലത്തു ബോധപൂർവം ബഹളമുണ്ടാക്കി കാര്യങ്ങൾ മാറ്റാൻ ശ്രമിക്കുന്നതു ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സതീശനെ ക്ഷണിച്ചത് ഫേസ്ബുക്ക് സംവാദത്തിന്
നേരിട്ടുള്ള സംവാദത്തിനല്ല, ഫേസ് ബുക്ക് സംവാദത്തിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെയൊരു സംവാദത്തിനു തയാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണു തോന്നുന്നത്. താൻ പറഞ്ഞരീതിയിൽ തന്നെ ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
