പരവൂർ: രാജ്യത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് നാളെ (ഏപ്രിൽ 10) പത്ത് വയസ്. പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.11 ന് ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. ഇതിൽ 500 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്കും നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.
ദുരന്തം നടന്ന് പത്തു വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞി ട്ടില്ല. ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ക്രൈ ബ്രാഞ്ച് 1734/2023 എന്ന നമ്പരിൽ ചാർജ് ചെയ്ത് അന്വേഷണം നടത്തി പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇത് പിന്നീട് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ 59 പ്രതികളാണ് ഉണ്ടായി രുന്നത്. ഇതിൽ 15 പേർ മരണപ്പെട്ടു. കേസിലെ ഒന്നു മൂന്നു മുതൽ ഒമ്പത് വരെ, 11 മുതൽ 16 വരെ, 18 മുതൽ 21 വരെ പ്രതികൾക്ക് എതിരേ കൊലപാതക കുറ്റം ചുമത്തി യിട്ടുണ്ട്.
കേസിൽ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. 16 മുതൽ 20 വരെയുള്ളവർ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ്. 22 മുതൽ 25 വരെയും 28 മുതൽ 41 വരെയും 41 മുതൽ 55 വരെയുമുള്ള പ്രതികൾ കമ്പക്കാരുടെ തൊഴിലാളികളുമാണ്. 57 മുതൽ 59 വരെയുള്ള പ്രതികൾ കമ്പക്കാർക്ക് സ്ഫോടക വസ്തുക്കൾ വിതരണം ചെയ്തവരുമാണ്. ആയിരത്തിലധികാ പേരെയാണ് കുറ്റപത്രത്തിൽ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുള്ളത്.
വിചാരണയ്ക്കു പ്രത്യേക കോടതി
കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിക്കുകയുണ്ടായി. കൊല്ലം ടി.എം. വർഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവർത്തിക്കുന്നത്. കേസിന്റെ പ്രാരംഭ വിചാരണ നടപടികൾ ശനിയാഴ്ചകളിൽ ഇവിടെയാണ് നടക്കുന്നത്. പ്രത്യേക കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ ഇതുവരെ നിയമിക്കാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു.
കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എം. സി ആന്റണിക്കാണ് പ്രത്യേക കോടതിയുടെ താത്കാലിക ചുമതല നൽകിയിട്ടുളത്. അദ്ദേഹത്തിന് മുമ്പാകെയാണ് ഇപ്പോൾ വിചാരണ നടപടികൾ നടന്നു വരുന്നത്.വിചാരണയുടെ ഭാഗമായി കേസിലെ 30 -ാം പ്രതി അടൂർ സ്വദേശി അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം 55 മുതൽ 57 വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. ബാക്കി പ്രതികൾക്ക് എല്ലാം കോടതി കുറ്റപത്രം കൈമാറുകയും ചെയ്തു. കേസ് ഇനി ഈ മാസം 18ന് പരിഗണിക്കും.കേസിൽ സംസ്ഥാന സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത് അഡ്വ പാരിപള്ളി രവീന്ദ്രനെയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന അഡ്വ. കെ. പി. ജബ്ബാറാണ് സ്പെഷൽ പ്രോസിക്യൂട്ടർ.
അന്വേഷണ റിപ്പോർട്ടുകൾ ചുവപ്പുനാടയിൽ
ദുരന്ത കാരണം അന്വേഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചശേഷമാണ് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണമാണ് നടത്തിയത്. ഇരു കമ്മിറ്റികളും അന്വേഷണ റിപ്പോർട്ടുകൾ സർക്കാരുകൾക്ക് കൈമാറിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ റവന്യൂ- പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ റിപ്പോർട്ടിൽ എടുത്തു കാട്ടിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്ക നടപടികളും ശിപാർശ ചെയ്തിരുന്നു.ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെയാണ് വെടിക്കെട്ട് നടന്നത്. അപകടം നടക്കുന്നത് വരെയും പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. വെടി കെട്ട് നിർത്തിവയ്പ്പിക്കാൻ ഇവർ ചെറുവിരൽ പോലും അനക്കിയില്ലന്നും ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇവർക്ക് എതിരേയാണ് നടപടി വേണമെന്ന് കമ്മീഷൻ ശിപാർശ ചെയ്തത്.കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും പോലീസിന്റെയും റവന്യൂ അധികൃതരുടെയും വീഴ്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതുമില്ലദുരന്തം നടന്ന് പത്ത് വർഷം ആകുമ്പോഴും പറ്റിംഗലും പരിസരവും ഇപ്പോഴും അതിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. ചെറിയൊരു പടക്കം പൊട്ടിയാൽ പോലും അത് പുറ്റിംഗൽ നിവാസികളെ ഭീതിപ്പെടുത്തും എന്നതാണ് വർത്തമാന കാല യാഥാർഥ്യം.
എസ്.ആർ. സുധീർ കുമാർ
