രാജാക്കാട്: വീടുകളിൽ ചെടികൾ നട്ടുപരിപാലിക്കുന്നതു സാധാരണമാണ്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി താമരയും ജമന്തിയുമൊക്കെ നട്ടുപരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്. വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞുനിൽക്കുന്ന ജമന്തിത്തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും. രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്.
ഇരുനില വീടിനു മുന്നിൽ മതിൽകെട്ടി മറയ്ക്കാതെ കാഴ്ചവിരുന്നൊരുക്കി മനോഹരമായ ജമന്തിത്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പൂത്തുനിൽക്കുന്ന ഈ ജമന്തിത്തോട്ടം ആരെയും ആകർഷിക്കുന്ന മനോഹര കാഴ്ചയാണ്. നഴ്സറിയിൽനിന്നു വിലയ്ക്കുവാങ്ങിയ ഹൈബ്രീഡ് തൈകളാണ് നട്ടുപരിപാലിച്ചത്.
ചെടികളുടെ പരിപാലനം ഏറെ മാനസിക സന്തോഷം നൽകുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ജമന്തി മാത്രമല്ല മട്ടുപ്പാവിലും കുളത്തിലുമായി താമരയും മറ്റ് ചെടികളും ധാരാളമുണ്ട്. വിടരുന്ന പൂക്കൾ പുറത്ത് വിൽക്കാറില്ല. പകരം വിളവെടുത്ത് സമീപത്തെ ക്ഷേത്രങ്ങളിൽ എത്തിച്ചുനൽകും. ഒഴിവുസമയങ്ങൾ വെറുതെകളയാതെ ചെടികളുടെ പരിപാലനത്തിലൂടെ ഭക്തിയുടേയും സ്നേഹത്തിന്റേയും സന്ദേശംകൂടി പകർന്നുനൽകുകയാണ് ഇവർ.
