മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”.
ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ നിർമാതാവ് എം. സി. അരുണും എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ കോ- പ്രൊഡ്യൂസർ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തികത്തർക്കത്തെ തുടർന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേർന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ടു പോകുന്നത്.
ലൈൻ ഓഫ് കളേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എൻഎൻജി ഫിലിംസിന്റെ ബാനറിൽ എം.സി. അരുൺ നിർമാണവും നിരൂപ് ഗുപ്ത കോ-പ്രൊഡ്യൂസറുമായ ചേര സംവിധാനം ചെയ്തിരിക്കുന്നത് ലിജിൻ ജോസ് ആണ്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പിആർഓ അജയ് തുണ്ടത്തിലാണ്.
അഡ്വ. രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണൽ കോമേഴ്സ്യൽ കോർട്ട് ജഡ്ജ് രശ്മി ബി. ചിറ്റൂർ ചേര സിനിമയുടെ റിസീവർ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്. ഈ കേസിൽ വാദി എൻ എൻ ജി ഫിലിംസ് നിരൂപ് ഗുപ്തയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. റെയിൻ കെ രവിയും അഡ്വ. ജീമോൻ പി. എബ്രഹാമും ആയിരുന്നു.
