ഡീലക്സ്ഭയ്യാജി എന്ന ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററുടെ വ്യത്യസ്തമായ ആശയമാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഒരു ആഡംബര കാറിനെ ചായക്കടയാക്കി മാറ്റിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ. യുവാവ് ഒരു ലക്ഷം രൂപയ്ക്ക് റോൾസ് റോയിസ് കാർ വാടകയ്ക്കെടുത്ത് അതിനെ ഒരു ചായക്കടയാക്കി മാറ്റിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ആഡംബരമായ വാഹനങ്ങളിൽ ഒന്നിൽ നിന്ന് ചായ വിളമ്പുക, എന്ന വ്യത്യസ്തമായൊരു പരീക്ഷണമാണ് യുവാവ് നടത്തിയത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു റോൾസ് റോയ്സിൽ ഇരുന്ന് ചായ കുടിച്ചിട്ടുണ്ടോ?, എന്ന ലളിതമായ ചോദ്യമായിരുന്നു ഇതിന്റെ മാർക്കറ്റിംഗ് തന്ത്രം.
ഒരു കപ്പ് ചായയ്ക്ക് 300 രൂപയാണ് വില. കുങ്കുമം ചേർത്ത ചായയും കാറിനുള്ളിൽ ഇരുത്തിയുളള സത്കാരവും അതുപോലെ ചെറിയ യാത്രകൾ പോലും വാഗ്ദാനം ചെയ്തിരുന്നു. പൂർണമായ ലക്ഷ്വറി ടീ, അനുഭവമാണിതെന്ന് ക്രിയേറ്റർ വിശേഷിപ്പിച്ചു. ഈ വിചിത്രമായ ആശയം ജനങ്ങൾ വളരെ വേഗം തന്നെ ഏറ്റെടുത്തു. ആളുകൾ വീഡിയോകൾ എടുക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചു.
എന്നാൽ, ലക്ഷക്കണക്കിന് ആളുകൾ കാണുകയും വലിയ ജനത്തിരക്ക് ഉണ്ടാവുകയും ചെയ്തിട്ടും, സാമ്പത്തികമായി ഈ സംരംഭം പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഈ സംരംഭം തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് യുവാവ് വെളിപ്പെടുത്തി. ഈ കണക്കുകൾ തുറന്നുപറഞ്ഞതോടെ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴിതെളിച്ചത്. വിജയവും പരാജയവും ഒരുപോലെ വെളിപ്പെടുത്തിയ ക്രിയേറ്ററുടെ സത്യസന്ധതയെ പലരും പ്രശംസിച്ചു.
