പരവൂർ: ഡിജിറ്റൽ പേയ്മെന്റുകൾ സുരക്ഷിതമാക്കുന്നതിനായി ഇ- മാൻഡേറ്റുകൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് റിസർവ് ബാങ്ക്. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് (റെക്കറിംഗ് പേയ്മെന്റ്സ്) ഇനി മുതൽ അധിക പ്രാമാണീകരണം നിർബന്ധമാക്കി. ഏപ്രിൽ 21 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു. കാർഡുകൾ, യുപിഐ, പ്രീപെയ്ഡ് വാലറ്റുകൾ എന്നിവ വഴിയുള്ള ആഭ്യന്തര-വിദേശ ഇടപാടുകൾക്ക് പുതിയ ചട്ടം ബാധകമാണ്.
ഇ-മാൻഡേറ്റ് സൗകര്യം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഇനി മുതൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ബാങ്ക് നടത്തുന്ന സാധാരണ പരിശോധനകൾക്ക് പുറമെ, അധിക സുരക്ഷാ പരിശോധന കൂടി വിജയിച്ചാൽ മാത്രമേ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാനാവൂ. 15,000 രൂപയ്ക്ക് മുകളിലുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഈ അധിക പരിശോധന നിർബന്ധമാണ്. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഒരു ലക്ഷത്തിന് മുകളിലുള്ള ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയ്ക്കും പ്രത്യേക പ്രാമാണീകരണം ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വ്യക്തമാക്കി.
ഓരോ ഇ-മാൻഡേറ്റിനും പ്രത്യേക സാധുത കാലയളവ് ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ താത്പര്യപ്രകാരം ഏത് സമയത്തും മാൻഡേറ്റുകൾ പരിഷ്കരിക്കാനോ റദ്ദാക്കാനോ സാധിക്കും. ഇതിനായി അധിക നിരക്കുകൾ ഈടാക്കില്ല. പുതിയ ഇ-മാൻഡേറ്റുകൾക്ക് കീഴിലുള്ള ആദ്യ ഇടപാട് നിർബന്ധമായും അധിക പ്രാമാണീകരണത്തിന് വിധേയമാക്കണം. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പണം നഷ്ടപ്പെടുന്നത് തടയാനും ഡിജിറ്റൽ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ആർബിഐയുടെ ഈ നിർണായക നീക്കം.
- എസ്. ആർ. സുധീർ കുമാർ
