കണ്ണൂർ: സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരണം. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ ആണ് മരിച്ചത്. കിണർ പണിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണർ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സനൽകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് കുഴഞ്ഞുവീണതും. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സൂര്യാതപമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഠിനമായ ചൂട് നിലനിൽക്കുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതെ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
