അടിമാലി: ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍കൈയെടുത്ത കോതമംഗലം കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് എതിരേയുള്ള നടപടിയില്‍നിന്നു വനം വകുപ്പ് പിന്തിരിയുന്നു. കുറത്തിക്കുടിയിലേക്ക് ഒരു മാസം മുന്‍പ് ആരംഭിച്ച ബസ് സര്‍വീസിന് അനുമതി നല്കിയ ഉദ്യോഗസ്ഥനെതിരേ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തുമെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഈ കത്തിലെ വിവരങ്ങള്‍ പുറത്തായതോടെ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്.
ആദിവാസി ഉന്നതിയിലെ നിവാസികളടക്കം ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പധികൃതർ ഈ വിഷയത്തിൽ പിന്നാക്കം പോയെന്നാണ് സൂചന. ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തിയ വനംവകുപ്പധികൃതര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പേരിനുമാത്രമാണെന്ന് അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ 25ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ റിപ്പോര്‍ട്ട് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് കൈമാറുമെന്നും കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുന്നതിനു ഡിഎഫ്ഒയെ രേഖാമൂലം അറിയിക്കണമെന്ന നിര്‍ദേശവും വനംവകുപ്പ് നല്‍കിയതായാണ് വിവരം.
കേസെടുത്ത വനം വകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് കുറത്തിക്കുടിയിലേക്ക് അനുവദിച്ച സര്‍വീസ് പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ആലോചന നടത്തിയിരുന്നു.
കേസെടുത്ത വനംവകുപ്പിന്റെ നടപടിക്കെതിരേ ഉന്നതിയിലെ ജനങ്ങള്‍ അടിമാലി റേഞ്ച് ഓഫീസിനു മുന്നില്‍ റിലേ സത്യഗ്രഹ സമരം നടത്തുന്നതിനും ആലോചന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ വനംവകുപ്പ് മയപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.
