ഹരിപ്പാട്: വേനൽ കടുക്കുന്നതിനിടെ ഹരിപ്പാടും പരിസരങ്ങളിലും പാടശേഖരങ്ങളിൽ പുല്ലിനും കച്ചി അവശിഷ്ടങ്ങൾക്കും മനഃപൂർവം തീയിടുന്നത് ജനജീവിതം ദുസഹമാക്കുന്നു.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വഴുതാനത്ത് പാടത്തുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് നൂറു വയസുകാരി അതീവ ഗുരുതരാവസ്ഥയിലായി. പള്ളിപ്പാട്, കരുവാറ്റ, വീയപുരം, ചേപ്പാട് തുടങ്ങിയ പഞ്ചായത്തുകളിൽ പാടത്തിന് തീയിടുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
വയോധികയെ രക്ഷിച്ചത് അഗ്നിരക്ഷാ സേന
തിങ്കളാഴ്ച രാവിലെ 11:30 ഓടെയാണ് വഴുതാനത്തെ പാടത്ത് കനത്ത തീയും പുകയും ഉയർന്നത്. പിന്നാലെ സമീപത്തെ വീടുകളിലേക്ക് പുക പടരുകയായിരുന്നു. ഇതോടെയാണ് വയോധിക അവശനിലയിലായത്. ഹരിപ്പാട്ട് നിന്നെത്തിയ അഗ്നിരക്ഷാ സംഘാണ് വയോധികയുടെ വീടിന് ചുറ്റും പടർന്ന തീയണച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
അഗ്നിരക്ഷാസേന നേരിടുന്ന വെല്ലുവിളികൾ
തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങൾ ഹരിപ്പാട് അഗ്നിരക്ഷാ സേനയെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. മിക്ക പാടശേഖരങ്ങളിലേക്കും അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയില്ല. ഏറെ ദൂരം ഭാരമേറിയ ഉപകരണങ്ങളുമായി നടന്നാണ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ എത്തുന്നത്.
കത്തുന്ന കച്ചിയിൽനിന്നുയരുന്ന കനത്ത പുക ശ്വസിച്ച് ഉദ്യോഗസ്ഥർക്ക് ശാരീരിക അസ്വസ്ഥതകൾ പതിവാകുന്നുണ്ട്. വഴുതാനത്തെ രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് ജീവനക്കാർ പുക ശ്വസിച്ച് അവശനിലയിലായിരുന്നു. ഒരേ ദിവസം തന്നെ വിവിധയിടങ്ങളിൽ തീപിടിത്തമുണ്ടാകുന്നത് സേനയെ വലയ്ക്കുകയാണ്.
തുടർച്ചയായ നിയമലംഘനങ്ങൾ
പള്ളിപ്പാട് മസ്കോ ജംഗ്ഷന് സമീപത്തുള്ള വെട്ടിക്കൽ പാടശേഖരം, കാരിച്ചാൽ കൈപ്പള്ളിൽ മുക്ക്, കരുവാറ്റ പതിനഞ്ചാം വാർഡ് എന്നിവിടങ്ങളിലും വലിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. നെൽകൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ തീയിടാൻ പാടില്ലെന്ന വിവിധ വകുപ്പുകളുടെ കർശന നിർദേശം നിലനിൽക്കെയാണ് ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
