അടിമാലി: പാചകവാതകക്ഷാമം അതിരൂക്ഷമായി. അടിമാലി ചാറ്റുപാറയ്ക്കു സമീപം ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന ഗ്യാസ് ഏജന്‍സിയുടെ മുന്നിൽ ഉപയോക്താക്കളുടെ നീണ്ട ക്യു. പൊരിവെയിലിൽ ക്യൂനിന്നു വലഞ്ഞവരുടെ പ്രതിഷേധവും ഉണ്ടായി. പാചകവാതകക്ഷാമം ആളുകളെ എത്രത്തോളം വലയ്ക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇന്നലെ ഗ്യാസ് ഏജന്‍സിക്കു മുമ്പിൽ ഉണ്ടായ ക്യു.
രാവിലെ എട്ടര മുതല്‍ ആളുകള്‍ ഗ്യാസ് ഏജന്‍സിക്കു മുമ്പില്‍ ക്യൂനിന്നുതുടങ്ങി. പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം ക്യൂവിലുണ്ടായിരുന്നു. സമയം പിന്നിട്ടതോടെ ഏജന്‍സിയുടെ കോമ്പൗണ്ടും കടന്ന് ദേശീയപാതയിലൂടെ ക്യു നീണ്ടു. സമയം ഉച്ചയോട് അടുത്തതോടെ ആളുകളില്‍ പ്രതിഷേധവുമുയര്‍ന്നു.
ഏജന്‍സിയില്‍നിന്ന് റൂട്ട് സര്വീസാരംഭിക്കണമെന്നും ഏജന്‍സിയില്‍ സിലണ്ടറിനായി എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഏർപ്പെടുത്തണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ക്യൂ നില്ക്കുന്ന ആളുകളുടെ എണ്ണവും പ്രതിഷേധവും ഏറിയതോടെ പോലീസും പൊതുപ്രവത്തകരും ഇടപെട്ട് ടോക്കണ്‍ സൗകര്യമൊരുക്കി.
ആളുകള്‍ കൂട്ടത്തോടെ ഏജന്‍സി ഓഫീസിലേക്ക് എത്തുന്നത് ഒഴിവാക്കി ദിവസവും വിതരണം ചെയ്യുവാന്‍ കഴിയുന്ന സിലിണ്ടറുകള്‍ കണക്കാക്കി വിതരണം ക്രമീകരിക്കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യമുയർന്നു.
