ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലേതു പോലെ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിപ്രദേശമായ ആദിക്കാട്ടുകുളങ്ങര ഞവരക്കുന്നിലെ മലയിടിച്ച് മണ്ണെടുപ്പിനു ശ്രമം. മണ്ണെടുപ്പ് നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധത്തിന് നാട് ഒരുങ്ങുകയാണ്. പത്തനംതിട്ട ജില്ലാ അതിർത്തി കൂടിയായ ആദിക്കാട്ടുകുളങ്ങരയോടു ചേർന്ന് കോട്ടകണക്കേ തലയുയർത്തി നിൽക്കുന്ന ഞവരക്കുന്ന് മലയുടെ ഹൃദയഭാഗത്തെ 68 സെന്റ് ഭൂമിയിൽനിന്നു മണ്ണ് ഖനനം നടത്താനാണ് നീക്കം.
ജില്ലയിൽ മലകൾകൊണ്ടു സമ്പന്നമായ പഞ്ചായത്തായ പാലമേലിനു പ്രകൃതി കനിഞ്ഞുനൽകിയ മലനിരകളെ തുരന്നുകടത്താനുള്ള മണ്ണുമാഫിയാ സംഘത്തിന്റെ ഗൂഢശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട് പ്രതിഷേധം ഉയർത്തി ഒന്നിക്കാൻ ഒരുങ്ങുന്നത്. മണ്ണെടുപ്പിനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി നൽകിയതായാണ് വിവരം.
എന്നാൽ, പാലമേൽ ഗ്രാമപഞ്ചായത്ത് വസ്തു ഉടമയ്ക്ക് മണ്ണെടുത്തു മാറ്റാനുള്ള അനുമതി നൽകിയിട്ടില്ല . ഇതേത്തുടർന്ന് ഉടമ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇതിനെതിരേ പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്യിച്ചിരിക്കുകയാണ്.
2023 ഒക്ടോബർ നവംബർ മാസങ്ങളിലായി മറ്റപ്പള്ളി മല ഇടിച്ചുനിരത്തി മണ്ണുകടത്താനുള്ള ശ്രമം നടന്നെങ്കിലും പാലമേൽ ഗ്രാമവാസികളുടെ ശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവിൽ മണ്ണെടുപ്പ് ശ്രമം നടന്നില്ല. അന്നു സമാനതകളില്ലാത്ത സമരങ്ങൾക്കാണ് മറ്റപ്പള്ളി സാക്ഷ്യംവഹിച്ചത്. അതേ രീതിയിലുള്ള പ്രതിഷേധ സമരം വീണ്ടും പുറത്തെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നാണ് ജനങ്ങളുടെ അഭിപ്രായം.
പരിസ്ഥിതിലോല പ്രദേശമായി ഭൗമശാസ്ത്ര പഠനസംഘം കണ്ടെത്തിയ പ്രദേശം
മറ്റപ്പള്ളിമല, പുലിക്കുന്നുമല, ഞവരക്കുന്നുമല, മൈലാടുംമല എന്നീ നാലു മലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് പാലമേൽ. ഇവിടങ്ങളിൽനിന്ന് 2008ൽ മണ്ണെടുക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതിനെതിരേ പഞ്ചായത്ത് ഭരണസമിതി അന്നു ഹൈക്കോടതിയെ സമീപിച്ച് മണ്ണെടുപ്പ് തടഞ്ഞിരുന്നു. ഈ നാലു മലകളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഭൗമശാസ്ത്ര പഠന കേന്ദ്രത്തോടു നിർദേശിച്ചിരുന്നു.
സ്ഥലത്തെത്തി ആഴ്ചകളോളം സംഘം പഠനം നടത്തി. പരിസ്ഥിതിലോല പ്രദേശമായ ഇവിടങ്ങളിൽനിന്നു മണ്ണെടുത്താൽ കുടിവെള്ളക്ഷാമവും മണ്ണിടിച്ചിലും ഭൂകമ്പവും ഉണ്ടാകാൻ നൂറു ശതമാനം സാധ്യതയുണ്ടെന്ന വിശദമായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 2018 സെപ്തംബർ 12ന് മല അടിവാരത്ത് ഉണ്ടായ ഭൂചലനത്തിൽ ആദിക്കാട്ടുകുളങ്ങരയിലും പരിസര പ്രദേശങ്ങളിലുമായി അമ്പതോളം വീടുകൾക്കു വിള്ളൽ സംഭവിച്ചിരുന്നു.
പ്രധാനപ്പെട്ട ഈ നാലു മലനിരകളുടെ അടിവാരങ്ങളിലായിട്ടാണ് കരിങ്ങാലിച്ചാൽ പുഞ്ചയുടെ ആരംഭസ്ഥലം. ഇവിടെങ്ങളിലായി നൂറുകണക്കിനു തണ്ണീർത്തടങ്ങളും നീരുറവകളും കുളങ്ങളും സ്ഥിതിചെയ്യുന്നു. മണ്ണെടുപ്പു തുടർന്നാൽ ഇതെല്ലാം നാമാവശേഷമാകുമെന്നാണ് പ്രകൃതി സംരക്ഷണ പ്രവർത്തകരുടെ ആശങ്ക.
