ഇന്ത്യയിലെ തെരുവ് ഭക്ഷണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ യാത്രാ മിഥ്യകളെ തിരുത്തിക്കുറിച്ച് ഒരു ബ്രിട്ടീഷ് ദമ്പതികൾ. സമൂഹ മാധ്യമങ്ങളിൽ ഇവർ ഇന്ത്യയിൽ നടത്തിയ യാത്രയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിദേശികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ സാധാരണയായി ഭയപ്പെടുന്ന ‘ഡൽഹി ബെല്ലി’ അല്ലെങ്കിൽ വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മുൻവിധികൾ തെറ്റാണെന്ന് ഇവരുടെ വീഡിയോ തെളിയിക്കുന്നു.
ഇന്ത്യയുടെ യഥാർത്ഥ ആത്മാവും സൗന്ദര്യവും അവിടുത്ത തെരുവുവോരങ്ങളിൽ ലഭ്യമാകുന്ന ഭക്ഷണങ്ങളിലാണെന്ന് ഈ ദമ്പതികൾ പറയുന്നു. ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് സുരക്ഷിതവും അങ്ങേയറ്റം രുചികരവുമാണെന്ന് ദമ്പതികൾ വീഡിയോയിൽ വ്യക്തമാക്കുന്നു.വിദേശികൾ ഇന്ത്യയിലെ തെരുവ് ഭക്ഷണം കഴിച്ചാൽ ഉറപ്പായും വയറു കേടാകും എന്നാണ് പറയുന്നത്.
വൃത്തിയുള്ളതും ജനത്തിരക്കേറിയതുമായ സ്റ്റാളുകൾ തെരഞ്ഞെടുത്താൽ മികച്ച ഭക്ഷണാനുഭവം ലഭിക്കും അതുപോലെതന്നെ ഇന്ത്യയുടെ യഥാർത്ഥ സംസ്കാരവും ആത്മാവും തൊട്ടറിയാൻ സ്ട്രീറ്റ് ഫുഡ് കഴിക്കുക തന്നെ വേണം എന്നുമാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വൈവിധ്യമാർന്ന മസാലകളും പാചകരീതികളും തങ്ങളുടെ ഹൃദയം കവർന്നുവെന്നും പല യൂട്യൂബർമാരും ഇന്ത്യയെക്കുറിച്ച് നെഗറ്റീവ് കാര്യങ്ങൾ പങ്കുവെക്കുമ്പോഴും, നേരിട്ടുള്ള അനുഭവം തികച്ചും വ്യത്യസ്തവും പോസിറ്റീവും ആയിരുന്നുവെന്ന് ഇവർ പറഞ്ഞുവെക്കുന്നു.
ശരിയായ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചാൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഇവർ തങ്ങളുടെ അനുഭവത്തിലൂടെ കാണിച്ചുതരുന്നു.ഇന്ത്യൻ ഭക്ഷണപ്രേമികൾക്കിടയിലും വിദേശ സഞ്ചാരികൾക്കിടയിലും ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുകയാണ്.
