ബംഗളൂരു: എബോള ലക്ഷണങ്ങളോടെ ഉഗാണ്ടയിൽ നിന്നെത്തിയ 28കാരി നിരീക്ഷണത്തിൽ. ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിലാണ് യുവതിയെ നിരീക്ഷണത്തിലാക്കിയത്. ഈമാസം 23-ന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉഗാണ്ടൻ യുവതിയെയാണ് ഇന്ദിരാനഗറിലെ പകർച്ചവ്യാധി പ്രതിരോധ ആശുപത്രിയിലേക്കു മാറ്റിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഉഗാണ്ടയിൽനിന്ന് അഹമ്മദാബാദ് വഴിയാണ് യുവതി ബംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവർക്കു രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. തുടർന്ന് നഗരത്തിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. എന്നാൽ, എബോള ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ ഇവർക്ക് അമിതമായ ക്ഷീണവും മറ്റു ലക്ഷണങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികളിലേക്കു കടന്നത്.
യുവതിയുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം 48 മണിക്കൂറനകം ലഭ്യമാകും. ആദ്യ ഫലം വന്നതിനു ശേഷവും, പ്രോട്ടോക്കോൾ അനുസരിച്ചു വീണ്ടും സ്രവ പരിശോധന നടത്തേണ്ടതുണ്ടെന്ന് ബംഗളൂരു ജില്ലാ സർജനും പകർച്ചവ്യാധി പ്രതിരോധ ആശുപത്രി സൂപ്രണ്ടുമായ ഡോ. അനിൽകുമാർ അറിയിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പുതിയ ലക്ഷണങ്ങൾ ഒന്നുംതന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതിക്കു പ്രകടമായ ലക്ഷണങ്ങൾ, എബോളയുമായി ബന്ധപ്പെട്ടതാണോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഋത്വിക് രഞ്ജനം പാണ്ഡെ വ്യക്തമാക്കി. എബോള ബാധിത പ്രദേശത്തുനിന്നു വന്നതുകൊണ്ടും ക്ഷീണം പ്രകടമായതുകൊണ്ടുമാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ആരോഗ്യവിഭാഗം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണ സംവിധാനങ്ങളും ആശുപത്രി സജ്ജീകരണങ്ങളും ദ്രുതകർമസേനയും ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ച് കർണാടക സർക്കാരുമായി സഹകരിച്ച് വിമാനത്താവളങ്ങളിലും മറ്റു പ്രവേശന കവാടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക ആരോഗ്യവകുപ്പ് ബംഗളൂരുവിലും മംഗളൂരുവിലും പ്രത്യേക ക്വാറന്റൈൻ, ഐസൊലേഷൻ, ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ബംഗളൂരുവിൽ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസൊലേഷൻ കേന്ദ്രമായും, ഇന്ദിരാനഗറിലെ പകർച്ചവ്യാധി പ്രതിരോധ ആശുപത്രി ക്വാറന്റൈൻ-ചികിത്സാകേന്ദ്രമായും പ്രവർത്തിക്കും. മംഗളൂരുവിൽ, ന്യൂ മംഗളൂരു പോർട്ട് അഥോറിറ്റിയുടെ കീഴിലുള്ള ശ്രീനിവാസ് പോർട്ട് ഹോസ്പിറ്റൽ ക്വാറന്റൈൻ കേന്ദ്രമായും, വെൻലോക്ക് ജില്ലാ ആശുപത്രി ഐസൊലേഷൻ-ചികിത്സാ കേന്ദ്രമായും തയാറാക്കിയിട്ടുണ്ട്.
ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അടുത്തിടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും പ്രതിരോധ നടപടികൾ ഊർജിതമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യത്തു നിരീക്ഷണവും മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
