തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ആറ്റുകാല്‍ കൗണ്‍സിലര്‍ ഉണ്ണി, സിപിഎം പ്രവര്‍ത്തകരായ ഷൈജു, സലിം, സിദ്ധാര്‍ത്ഥ്, വിജയ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പ്രതികളെ നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന മൂന്നൂറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ്.
വരുംദിവസങ്ങളിലും കുടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. അതേ സമയം ഈ കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഇവരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.
ഇ.ഡി. ഉഇദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി.വിജയന് എന്നിവരെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു.
