നെയ്യാർഡാം : ആദിവാസികളിൽ ഭീതി പടർത്തി കാട്ടാനകൂട്ടം. മഴക്കെടുതിയിൽനിന്നു കരകയറാനാകാതെ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കാട്ടുമൃഗശല്യത്താലുള്ള കൃഷിനാശവും ഇരുട്ടടിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി അഗസ്ത്യവനത്തിലെ മ്ലാവിള സെറ്റിൽമെന്റിലാണ് ഏറ്റവും ഒടുവിൽ കാട്ടാനകൾ കൂട്ടത്തോടെ എത്തി ക്യഷിയിടങ്ങൾ നശിപ്പിച്ചത്. വാഴകൾ മൂടോടെ തകർത്തു.
അരുവിയാൻ കാണിയുടെ പുരയിടത്തിലെ കാർഷിക വിഭവങ്ങളാണ് അധികവും നശിപ്പിച്ചിരിക്കുന്നത്. പുലർച്ചെ എത്തിയ കാട്ടാനകൾ മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ച് അക്രമം കാട്ടി. ഭയന്ന് ഇവർ മരത്തിലെ ഏറുമാടത്തിൽ കയറിയിരുന്നു. ആനകൾ പോയ ശേഷമാണ് ഇവർ വീട്ടിലെത്തിയത്. രണ്ടു ദിവസം മുൻപ് അണകാൽ, ആമല, പ്ലാത്ത്, പാറ്റാംപാറ എന്നിവിടങ്ങളിലെ ഊരുകളിൽ കാട്ടാനകൾ നാശമുണ്ടാക്കി. നെയ്യാർ, പേപ്പാറ വന്യജീവിസങ്കേതങ്ങൾ വരുന്ന ഇടമാണ് ഈ ഊരുകൾ സ്ഥിതി ചെയ്യുന്നത്.
കനത്ത മഴയിൽ നെയ്യാറിൻ തീരത്ത് കൂട്ടമായാണ് കാട്ടാനകൾ എത്തിയിരിക്കുന്നത്. കൊമ്പൈക്കാണിയിലും ആനകൂട്ടമെത്തി. കൂട്ടമായി എത്തി അവിടെ നിൽക്കുന്ന ആനകൂട്ടം ആദിവാസികൾക്ക് പേടിയാണ് നൽകുന്നത്. ആദിവാസികൾ വനവിഭവശേഖരത്തിനും മീൻപിടിക്കാനും പോകുന്ന പ്രദേശത്താണ് കാട്ടാനകളുടെ വിളയാട്ടം
കൊമ്പൈക്കാണി ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. ഉൾകാട്ടിൽ നിന്ന് പോലും കാട്ടനകൾ ഇവിടെ എത്തുന്നു. കുളിക്കാനും ആഹാരത്തിനുമാണ് ഇവിടെ കൂട്ടം കൂടുന്നത്. ആനകളെ തുരത്താൻ കിടങ്ങും മറ്റും എടുത്തിട്ടുണ്ടെങ്കിലും അവറ്റകൾ കാട് താണ്ടി ഇവിടെ എത്തുന്നു.
തൊടുമല വാർഡിൽ പുരവിമല, തെന്മല, കണ്ണുമാമൂട്, കാരിക്കുഴി, കുന്നത്തുമല, കള്ള്കാട്, ശങ്കിൻകോണം, കയ്പംപ്ലാവിള, അയ്യവിളാകം, ചാക്കപ്പാറ, കൊമ്പയിൽ ഉൾപ്പെടെ 11 സെറ്റിൽമെന്റുുകളാണുള്ളത്. ഇവിടെ എഴുനൂറോളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. ചാക്കപ്പാറ, അയ്യവിളാകം ഒഴികെയുള്ള സെറ്റിൽമെന്റുകൾ വനാതിർത്തിയോട് ചേർന്നാണ് കിടക്കുന്നത്. വനാതിർത്തി ജണ്ട കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും കമ്പിവേലി സ്ഥാപിക്കാത്തതിനാൽ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ശല്യം ഉണ്ടാകാറുണ്ടെന്ന് സെറ്റിൽമെന്റ് നിവാസികൾ പറയുന്നു.
ഇടയ്ക്കിടെ കാട്ടുപോത്തുകളും കാട്ടുപന്നികളും വ്യാപകമായി കൃഷിനാശം വരുത്തുന്നുണ്ട്.മരച്ചീനി, മഞ്ഞൾ, ഏലം, വാഴ, കുരുമുളക് ഉൾപ്പെടെയുള്ള കൃഷികളാണ് അധികവും നശിപ്പിക്കുന്നത്. ഇതിനു പുറമേ കുരങ്ങിന്റെ ശല്യവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.ഇക്കാരണത്താൽ മിക്ക കൃഷിയിടങ്ങളും തരിശ്ശിടേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ.
