വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്.
ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്.
ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
രണ്ടാൾ പൊക്കത്തിൽ വളരുന്ന ഫലവൃക്ഷമാണ് സലാക്ക്. ഇലകളും തണ്ടും തടിയും നിറയെ കൂർത്ത കട്ടിയുള്ള മുള്ളുകൾ ഉള്ളതിനാൽ വന്യമൃഗങ്ങൾ ഇവ വളരുന്ന സ്ഥലങ്ങളിലേക്ക് കടന്നുവരാൻ മടിക്കും എന്നാണ് കർഷകരുടെ അനുഭവം.
പനയോല പോലുള്ള ഇതിന്റെ ഓലകൾ ഒടിച്ചുതിന്നാൻ കാട്ടാനകളും അധികം ശ്രമിക്കാറില്ല. മരം നിറയെ കൂർത്ത മുള്ളുകൾ ഉള്ളതിനാൽ അരമീറ്റർ ഇടവിട്ട് രണ്ടു വരിയായി വനാതിർത്തിയിലും മറ്റും നട്ടുവളർത്തിയാൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്ന മികച്ച ഒരു ജൈവവേലിയായി തന്നെ ഇത് നിലനിൽക്കും.
കേരളത്തിൽ കുറച്ചു കർഷകരെങ്കിലും ഇന്ന് സലാക്ക് വളർത്തുന്നുണ്ട്. മിക്കവരും ഹൈറേഞ്ച് പോലെ ഉയർന്ന പ്രദേശങ്ങളിലും വനാതിർത്തിയോടടുത്തുള്ള കൃഷിയിടങ്ങളിലാണ്. കേരളത്തിൽ ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ, തൃശൂർ തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളിൽ സലാക്ക് സമൃദ്ധമായി വളരും.
പ്രത്യേകിച്ച് കേരളത്തിലെ വനപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കാട്ടുപന്നികൾ, കുരങ്ങുകൾ പോലുള്ള ജീവികളെ ഒരു പരിധി വരെ അകറ്റി നിർത്താൻ ഈ ജൈവ വേലി സഹായിക്കും എന്നാണ് കർഷകരുടെ അഭിപ്രായം.
ഉഷ്ണമേഖലാ കാലാവസ്ഥ, സമൃദ്ധമായ മഴ എന്നീ സവിശേഷതകളുള്ള കേരളം സലാക്ക് പോലുള്ള വിദേശ പഴങ്ങൾ കൃഷി ചെയ്യുന്നതിന് വളരെ അനുയോജ്യമാണ്. വിത്തുകൾ വഴിയാണ് സലാക്കിന്റെ പ്രധാന പ്രജനന രീതി.
പാകമായ പഴത്തിൽനിന്നും വിത്തുകൾ ശേഖരിച്ചു നടാം. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ വിത്ത് മുളയ്ക്കാൻ സാധാരണയായി നാല് മുതൽ ആറ് ആഴ്ച വരെ എടുക്കും. മുതിർന്ന മരങ്ങളുടെ ചുവട്ടിൽനിന്ന് വളരുന്ന തണ്ടുകളായ സക്കറുകളും നടാൻ ഉപയോഗിക്കാം.
തൈകൾക്ക് അര മീറ്ററോളം നീളം വക്കുന്നത് വരെ നഴ്സറികളിൽ വളർത്താം. ശേഷം 60cmx60cmx60cm അളവിലുള്ള കുഴികൾ കുഴിച്ച് മേൽമണ്ണ്, കന്പോസ്റ്റ്, ജൈവ വളം എന്നിവയുടെ മിശ്രിതം നിറച്ചു തൈകൾ നടാം.
സുചിത്ര ബി.
(പിഎച്ച്ഡി വിദ്യാർഥിനി, കാർഷിക കോളേജ്, വെള്ളായണി)
രാഹുൽ രാജ് എം.
(മണ്ണ് പര്യവേക്ഷണ ഓഫീസർ, വയനാട്).
