മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഫിഫ ലോകകപ്പിന് പന്തുരുണ്ടതോടെ മെക്സിക്കോ ഒന്നടങ്കം വൻ ആഘോഷത്തിമിർപ്പിലാണ്. ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ആതിഥേയരായ മെക്സിക്കോ ടൂർണമെന്റിൽ തുടക്കം കുറിച്ചു. വിജയത്തിന് പിന്നാലെ തലസ്ഥാന നഗരി ഒന്നടങ്കം ഒരു വലിയ ഉത്സവപ്പറമ്പായി മാറി. ദേശീയ ജേഴ്സിയണിഞ്ഞ് നൃത്തം ചെയ്തും പാടിയും ആരാധകർ തെരുവുകളും സ്റ്റേഡിയവും കീഴടക്കി കഴിഞ്ഞു. മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.
രാജ്യത്താകെ പടർന്നുപിടിച്ച ഈ ലോകകപ്പ് ജ്വരം മനുഷ്യരിൽ മാത്രമല്ല, അവിടുത്തെ വളർത്തുമൃഗങ്ങളിലേക്കും പടർന്നിരിക്കുകയാണ്. മെക്സിക്കോയുടെ ഫുട്ബോൾ ജേഴ്സി ധരിച്ച് തെരുവിലൂടെ വാലാട്ടി നടക്കുന്ന ഒരു വളർത്തുതാറാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു അമ്മയും മകനും റോഡിലൂടെ നടന്നുപോകുമ്പോൾ അവർക്ക് പിന്നാലെ ജേഴ്സിയണിഞ്ഞ് ഈ താറാവും നടക്കുന്നത് കാണാം. അതിശയകരമായ ഈ കാഴ്ച കണ്ട് പ്രദേശവാസികൾ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടുമ്പോഴും, തങ്ങളുടെ വളർത്തുതാറാവിനെ ലോകകപ്പ് ജേഴ്സി ധരിപ്പിച്ച് നടക്കാൻ ഇറങ്ങിയതാണെന്ന യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ആ അമ്മയും മകനും മുന്നോട്ട് നീങ്ങിയത്.
“ലോകകപ്പ് തുടങ്ങി ആദ്യ ദിനങ്ങളിൽ തന്നെ ഇവിടുത്തെ അന്തരീക്ഷം വേറെ ലെവലാണ്,” എന്ന് വീഡിയോക്ക് താഴെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചപ്പോൾ, “ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. “മെക്സിക്കൻ ജേഴ്സിയണിഞ്ഞ താറാവാണ് ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട കാഴ്ച. ഫുട്ബോളിനോടുള്ള മെക്സിക്കൻ ജനതയുടെ ഭ്രാന്തമായ സ്നേഹം അതിശയിപ്പിക്കുന്നതാണ്,” എന്ന് മൂന്നാമതൊരാൾ കമന്റ് ചെയ്തു. ഫൈനൽ മത്സരത്തിന് മെക്സിക്കോ ആതിഥേയത്വം വഹിക്കാത്തതിലുള്ള നിരാശയും ചില ആരാധകർ പങ്കുവെച്ചു.
വ്യാഴാഴ്ച നടന്ന ആദ്യദിന മത്സരങ്ങളിൽ മെക്സിക്കോയും ദക്ഷിണ കൊറിയയും വിജയം നേടിയതോടെ ഇരു രാജ്യങ്ങളിലെയും ആരാധകർ ഒന്നിച്ച് തെരുവിൽ വലിയ വിജയാഘോഷം സംഘടിപ്പിച്ചു. ദക്ഷിണ കൊറിയൻ ആരാധകർക്കൊപ്പം ചേർന്ന് മെക്സിക്കൻ സപ്പോർട്ടർമാർ പ്രശസ്തമായ “ഗ്വാങ്നം സ്റ്റൈൽ” നൃത്തം ചവിട്ടിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇതിനിടയിൽ ദക്ഷിണ കൊറിയൻ ആരാധകനെ മെക്സിക്കൻ ആരാധകർ തോളിലേറ്റി ആകാശം മുട്ടെ ഉയർത്തിയ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
