കോട്ടയം: തിങ്കളാഴ്ച മുതല്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. സൗജന്യ യാത്രയിലും സീറോ ടിക്കറ്റ് നല്‍കേണ്ടതുണ്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ ടിക്കറ്റ് മെഷീനുകളില്‍ നടപ്പാക്കണം. ഇന്നും നാളെയുമായി മെഷീനില്‍ സൗജന്യ യാത്രാടിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനുള്ള സജ്ജീകരണമാണ് പൂര്‍ത്തിയാക്കുന്നത്.
ജില്ലയിലെ വിവിധ ഡിപ്പോകളിലായി ഇപ്പോള്‍ 142 ബസുകളാണ് ഓര്‍ഡിനറിയായി സര്‍വീസ് നടത്തുന്നത്. മുന്‍കാലങ്ങളില്‍ ജില്ലയിലെ ഏഴു ഡിപ്പോകളിലായി ധാരാളം ഓര്‍ഡിനറി ബസുകള്‍ ഉണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചിരുന്നു. വൈക്കം ഡിപ്പോയിലാണ് കൂടുതല്‍ ഓര്‍ഡിനറി ബസുകളുള്ളത്. കുറവ് പാലാ, എരുമേലി ഡിപ്പോകളിലുമാണ്. വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം.
കോട്ടയം, ചങ്ങനാശേരി ഡിപ്പോയില്‍നിന്നു കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു തിരുവല്ല, ചെങ്ങന്നൂര്‍ റൂട്ടിലാണ്. തിരുവല്ല, ചങ്ങനാശേരി മേഖലകളില്‍നിന്നു നിരവധി യാത്രക്കാര്‍ ഈ ഓര്‍ഡിനറി സര്‍വീസുകളെ ആശ്രയിക്കുന്നുണ്ട്. കോട്ടയത്തുനിന്നുള്ള മറ്റൊരു സര്‍വീസ് മെഡിക്കല്‍ കോളജ് വഴി ചേര്‍ത്തല റൂട്ടിലാണ്. വൈക്കം ഡിപ്പോയില്‍നിന്നുള്ള ബസുകളില്‍ ഭൂരിഭാഗവും സര്‍വീസ് നടത്തുന്ന ഗ്രാമീണ മേഖലകളിലേക്കാണ്.
നാളുകള്‍ക്കു മുമ്പുവരെ കോട്ടയം-പാലാ റൂട്ടില്‍ ധാരാളം ഓര്‍ഡിനറി ബസുകള്‍ ഉണ്ടായിരുന്നെങ്കിലും സമീപകാലത്ത് അവയെല്ലാം ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ചെയിന്‍ സര്‍വീസുകളാക്കി മാറ്റി. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്നും മലയോര മേഖലകളിലേക്ക് ഉള്‍പ്പെടെ ഏതാനും ഓര്‍ഡിനറി സര്‍വീസുണ്ട്.
സ്ത്രീകള്‍ക്കു സൗജന്യ യാത്രയുടെ നേട്ടം ലഭിക്കണമെങ്കില്‍ ഡിപ്പോകളിലേക്ക് കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ എത്തിക്കണം. ഇതിനു പുറമെ രാവിലെയും വൈകുന്നേരവും ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്യുന്ന സമയത്തെങ്കിലും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയാലേ സൗജന്യയാത്രയുടെ പ്രയോജനം വനിതകള്‍ക്കു ലഭിക്കുകയുള്ളൂ.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമ്പോഴേ സൗജന്യയാത്രാസേവനം എത്ര പേര് ഉപയോഗിച്ചുവെന്നുള്ള കാര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയൂ. ഇതിനാണ് ബസുകളില്‍ കയറുന്ന സ്ത്രീകള്‍ക്കെല്ലാം സീറോ ടിക്കറ്റ് നല്‍കുന്നത്. ഇത്തരത്തില്‍ കൃത്യമായ കണക്ക് കണ്ടെത്തിയാല്‍ മാത്രമേ കോര്‍പറേഷനുണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ കഴിയൂ.
