ഏറ്റുമാനൂർ: നീണ്ടൂർ പ്രാവട്ടം ജംഗ്ഷനിൽ നിർമാണം നിലച്ച കെട്ടിടം വവ്വാലുകൾ താവളമാക്കി. പത്തു വർഷത്തിലേറെയായി പെറ്റുപെരുകി ഇപ്പോൾ ആയിരക്കണക്കിന് വവ്വാലുകൾ ഇവിടെ ഉണ്ട്. സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കയിലാണ് നാട്ടുകാർ. പ്രാവട്ടം ജംഗ്ഷനോടു ചേർന്നുള്ള സ്ഥലത്ത് സെല്ലാർ നിർമാണത്തിനു ശേഷം പണി നിലച്ച കെട്ടിടത്തിലാണ് വവ്വാലുകൾ താവളമടിച്ചിരിക്കുന്നത്.
സെല്ലാറിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. ഈ വെള്ളത്തിലേക്കാണ് വവ്വാലുകളുടെ വിസർജ്യം വീഴുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. മഴ രൂക്ഷമാകുന്നതോടെ ഈ വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകിയാൽ സമീപ പ്രദേശങ്ങളാകെ രോഗാതുരമാകും.പ്രദേശവാസികൾ നിരന്തരം ആശങ്ക അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പ് അധികൃതരോ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിരോധ പ്രവർത്തനങ്ങൾക്കു പോലും അധികൃതർ തയാറാകുന്നില്ലെന്നാണ് അവർ പറയുന്നത്.
മുമ്പൊരിക്കൽ ആരോഗ്യ വകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് ഇവയെ തുരത്തിയശേഷം കെട്ടിടത്തിന്റെ പ്രവേശനമാർഗം വല ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ ഈ വവ്വാലുകളത്രയും പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിയതോടെ വല നീക്കം ചെയ്യുകയും ഇവ വീണ്ടും കെട്ടിടം താവളമാക്കുകയുമായിരുന്നു.
സെല്ലാറിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അവിടേക്ക് പ്രവേശിക്കാനാകില്ല. വെള്ളം പുറത്തേക്ക് പമ്പു ചെയ്തു കളയാനുമാകുന്നില്ല. വവ്വാലുകളുടെ വിസർജ്യം നിറഞ്ഞ വെള്ളം പുറത്തേക്ക് ഒഴുക്കിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ.
