ബാലുശേരി: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ബാലുശേരി കോട്ട വേട്ടയൊരുമകൻ ക്ഷേത്രത്തിൽ നിന്ന് 20 പവനിലേറെ സ്വർണ ഉരുപ്പടികൾ കാണാതായ കേസിൽ ഒളിവിലായിരുന്ന മുൻ എക്സിക്യുട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തു.
കടിയങ്ങാടുള്ള വീടിനടുത്ത് വെച്ച് പിടികൂടിയ പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്ഷേത്രത്തിലെ ഓഡിറ്റിംഗിലാണ് എട്ടുമാസം മുമ്പ് സ്വർണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. കോട്ട ക്ഷേത്രത്തിന് പുറമെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും ഇത്തരത്തിൽ സ്വർണം നഷ്ടപ്പെട്ടിരുന്നെങ്കിലും അവിടെയൊന്നും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
തുടർന്ന് കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങി. സംഘടനകളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് പുതുതായി ചാർജ്ജ് എടുത്ത എക്സിക്യുട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് സമരങ്ങൾ താൽക്കാലികമായി മാറ്റിവെച്ചത്.
കേസെടുത്ത് എട്ടുമാസം കഴിഞ്ഞിട്ടും പ്രതി ഒളിവിലാണെന്ന മറുപടിയാണ് പോലീസ് നൽകിയിരുന്നത്. ഇതിനിടെ നഷ്ടപ്പെട്ട സ്വർണ ഉരുപ്പടികൾ ബാലുശേരി പോലീസ് സ്റ്റേഷനിലോ ദേവസ്വം ബോർഡിന്റെ കോഴിക്കോട് ഓഫീസിലോ തിരികേ എല്പിച്ച് കേസ് ഒത്തുതീർപ്പാക്കാനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനും ശ്രമം നടക്കുന്നതായി പരാതിയുണ്ടായിരുന്നു.
കോട്ട പാരമ്പര്യ ട്രസ്റ്റിയോ ദേവസ്വം ബോർഡ് അധികൃതരോ ആണ് സ്വർണം ഏറ്റുവാങ്ങേണ്ടത്. പ്രതി നിലവിൽ റിമാൻഡിലായതോടെ സ്വർണം പൂർണ്ണമായി തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ് അധികൃതർ.
