കോഴിക്കോട്: പെട്രോളും ഡീസലും കാനുകളിലും കുപ്പികളിലും നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരായ ജനങ്ങളെയും പ്രത്യേകിച്ച് കര്‍ഷകരെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് എം.കെ. രാഘവന് എംപി.ജനദ്രോഹപരമായ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര
പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ മന്ത്രിക്ക് എംപി കത്തയച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമെങ്കിലും പ്രായോഗിക വശങ്ങള് ചിന്തിക്കാതെയുള്ള ഇത്തരം തീരുമാനങ്ങള്‍ ജനജീവിതം ദുസഹമാക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി.
ഈ തീരുമാനം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. ട്രാക്ടറുകള്‍, പവര്‍ ടില്ലറുകള്‍, ജലസേചനത്തിനുള്ള പമ്പുകള്‍, പുല്ല് വെട്ടുന്ന യന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം വയലുകളിലും കൃഷിയിടങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്.ഇവ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി മാത്രം കിലോമീറ്ററുകള്‍ അകലെയുള്ള പെട്രോള്‍ പമ്പുകളിലേക്ക് എത്തിക്കുക എന്നത് പ്രായോഗികമല്ല.
കൃഷിയിടങ്ങളില്‍ നിന്ന് വലിയ യന്ത്രങ്ങള്‍ പമ്പുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകും. ഇതോടൊപ്പം നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രങ്ങളെയും ഉള്‍പ്രദേശങ്ങളില്‍ ഇന്ധനം തീര്‍ന്ന് വഴിയിലാകുന്ന സാധാരണ വാഹനയാത്രക്കാരെയും ഈ തീരുമാനം ഒരേപോലെ ബാധിക്കുമെന്നും എംപി വ്യക്തമാക്കി.
