ആലപ്പുഴ: തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യോഗനാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ല. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റ്. ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നത്. ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല.
മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാൽ അത് മനസിലാകും. തന്നേക്കാൾ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
കേസുകളിൽ വിശദീകരണവുമായി വെള്ളാപ്പള്ളി
വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്എൻ ട്രസ്റ്റ് കേസ്, കെ.കെ. മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും തനിക്കെതിരേ വിധിയില്ല. നിരവധി കേസുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്എന്‍ഡിപി യോഗം നടത്തുണ്ട്. എന്നാൽ ഒരു കേസിലും തനിക്കെതിരേ വിധിയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് അവകാശപ്പെട്ടു.
ചില മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്, കേസ് തോൽക്കുമ്പോൾ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണ്. ചില ദൃശ്യമാധ്യമങ്ങൾ അതിനെ അജണ്ടയാക്കി മാറ്റി. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകൾ കണ്ട് സമുദായാംഗങ്ങൾ ചിരിക്കുകയാണ്.
ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമം. അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി യോഗനാദം എഡിറ്റോറിയലിൽ വ്യക്തമാക്കി.
ഭൂരിപക്ഷ സമൂഹത്തെ ഒതുക്കാൻ ആസൂത്രിത ശ്രമം സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. താൻ ഒരിക്കലും മുസ്ലിം മതസമൂഹത്തെയല്ല എതിർക്കുന്നതെന്നും മറിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണെന്നും എത്രയോ വട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു.
എബിലിൻ കെ. ഏബ്രഹാം
