നല്ല തിളച്ച എണ്ണയിൽ വറുത്തെടുത്ത മൊരിഞ്ഞ സമൂസകൾ ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. പഞ്ചാബി സമൂസ, ഇറാനി സമൂസ, മാവാ സമൂസ ഇങ്ങനെ പോകുന്ന സമൂസ വെറൈറ്റികൾ. എണ്ണയിൽ വറുത്ത് കോരുന്നതോടെ തവിട്ട് നിറം പകരുന്നതോടെ ക്രിസ്പി ആവുകയും ചെയ്യും. എന്നാൽ ഈ തവിട്ടു നിറത്തിനു പിന്നിൽ ചായത്തിനു പങ്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എല്ലാ കടകളിലുമില്ല, എന്നാൽ ചിലയിടത്തുണ്ട്. സമൂസകൾക്ക് മുകളിൽ ഒരു യുവാവ് ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പൂശുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഗതി പുറത്തറിഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വലിയ പാത്രത്തിൽ വച്ചിരിക്കുന്ന സമൂസകളിൽ നിന്നും ഒരോന്ന് എടുത്ത് അതിന് മേലെ യുവാവ് ഒരു ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം അടിക്കുന്നത് വീഡിയോയിൽ കാണാം.
ആളുകളെ ആകർഷിക്കാൻ സമൂസയ്ക്ക് നിറം നൽകുന്നതിന് ഫുഡ് കളർ അടിച്ചതാണെന്നേ ആളുകൾക്ക് തോന്നൂ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഭക്ഷണത്തിൽ ഇത്തരത്തിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു.
എന്നാൽ ചിലർ പറഞ്ഞത് ഇത് സമൂസയ്ക്ക് രൂചി കൂട്ടാനായി പുരട്ടുന്ന സോസ് ആണെന്നാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് ചിലർ പറഞ്ഞത്.
