ആഗോള സാങ്കേതികവിദ്യയുടെ ആസ്ഥാനമായ കാലിഫോർണിയയിലെ സിലിക്കൺ വാലി ഉപേക്ഷിച്ച് പ്രമുഖ മുൻ ഓപ്പൺഎഐ ഗവേഷകൻ ശ്യാമൾ ആനന്ദ്കട്ട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇന്ത്യയിലെ അതിവേഗം വളരുന്ന എഐ സാങ്കേതിക വിപണി ലോകത്തെ മാറ്റിമറിക്കാൻ പോന്ന അപൂർവ്വ അവസരമാണ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകപ്രശസ്ത എഐ കമ്പനിയായ ഓപ്പൺഎഐയിൽ ‘അപ്ലൈഡ് ഇവാലുവേഷൻസ്’ ടീമിന്റെ തലവനായി നാല് വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് ശ്യാമളിന്റെ ഈ അപ്രതീക്ഷിത മടങ്ങിവരവ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അദ്ദേഹം തന്നെയാണ് ഈ നിർണായക തീരുമാനം പങ്കുവെച്ചത്.
ഓപ്പൺഎഐയിൽ വികസിപ്പിക്കുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്ന പ്രധാന ചുമതലയായിരുന്നു ശ്യാമളിനുണ്ടായിരുന്നത്. ജനറേറ്റീവ് എഐ വിപ്ലവത്തിന്റെ കേന്ദ്രബിന്ദുവിൽ ജോലി ചെയ്യുമ്പോഴും, താൻ വളർന്നുവന്ന ഇന്ത്യയിലെ സാങ്കേതിക അന്തരീക്ഷത്തോട് എപ്പോഴും മാനസികമായ അടുപ്പം സൂക്ഷിച്ചിരുന്നതായി അദ്ദേഹം കുറിച്ചു.
ആഗോള ടെക് വ്യവസായത്തിന്റെ കേന്ദ്രം വിട്ടുള്ള ഈ മാറ്റം തുടക്കത്തിൽ വിപരീതഫലം ചെയ്യുമെന്ന് പലരും കരുതിയെങ്കിലും, നിലവിൽ സാഹചര്യം മാറിയതായി ശ്യാമൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിലെയും ഏഷ്യാ പസഫിക് മേഖലയിലെയും പ്രമുഖ എഞ്ചിനീയർമാരുമായും ഗവേഷകരുമായും നടത്തിയ ചർച്ചകളിൽ നിന്ന്, ഇവിടെയൊരു വലിയ സാങ്കേതിക മുന്നേറ്റത്തിനുള്ള ആഗ്രഹം അദ്ദേഹം തിരിച്ചറിഞ്ഞു.
ഇന്ത്യയിലെ പ്രതിഭകൾക്ക് കഴിവിന്റെ കുറവില്ല, മറിച്ച് തുടക്കത്തിൽ അസാധ്യമെന്ന് തോന്നുന്ന വലിയ ആശയങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കാനുള്ള കൂട്ടായ ‘ആത്മവിശ്വാസത്തിന്റെ ‘ കുറവ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തെ മാറ്റിമറിക്കുന്ന വലിയ പ്രസ്ഥാനങ്ങൾ എവിടെ നിന്നും കെട്ടിപ്പടുക്കാമെന്ന ബോധ്യം ഇവിടുത്തെ യുവാക്കൾക്ക് ഉണ്ടാകേണ്ടതുണ്ട്.
തന്റെ അടുത്ത ബിസിനസ് സംരംഭത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശ്യാമൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യ കേന്ദ്രീകരിച്ച് ഒരു വൻകിട എഐ പ്രോജക്ട് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന ശക്തമായ സൂചനകളാണ് അദ്ദേഹം നൽകുന്നത്. തന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്ന പ്രതിഭകളെ അദ്ദേഹം പുതിയ പങ്കാളിത്തത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
