സിയാറ്റിൽ: തോൽവിയിൽ നിന്ന് അവസാന നിമിഷം കരകയറി ലോകകപ്പിന്റെ റൗണ്ട് 32-ൽ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കി ബെൽജിയം. രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷം അവസാന മിനിറ്റുകളിൽ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ബെൽജിയം 3-2ന് സെനഗലിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം അധികസമയത്തേക്ക് കടന്നപ്പോഴുണ്ടായ വിവാദ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ട് ക്യാപ്റ്റൻ യൂറി ടൈലെമാനസ് ആണ് ബെൽജിയത്തിന് വിജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ ആതിഥേയരായ യുഎസ്എയാണ് ബെൽജിയത്തിന്റെ എതിരാളികൾ.
രണ്ട് ഗോളിന്റെ ലീഡിൽ 86 മിനിറ്റുവരെ പിടിച്ചുനിന്ന സെനഗലിനെ അവസാന നിമിഷം അട്ടിമറിച്ചാണ് ബെൽജിയം മുന്നേറിയത്. മത്സരത്തിന്റെ ആരംഭത്തിൽ ബെൽജിയം ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും സെനഗൽ ചെറുത്തുനിന്നു. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ സെനഗൽ ഹബീബ് ഡയാരയിലൂടെ 24-ാം മിനിറ്റിൽ ലീഡെടുത്തു.
കൂടെയുള്ള ഇസ്മായില സാറിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന ഹബീബ് ഡയാര പന്ത് വലയിലെത്തിക്കുകയായിരുന്നു.1-0. രണ്ടാംപകുതിയുടെ 51-ാം മിനിറ്റിൽ സെനഗൽ വീണ്ടും ലക്ഷ്യം കണ്ടു. അവരുടെ പ്രതിരോധക്കാരൻ മൂസ നിയാഖാതേ നൽകിയ നീണ്ട പാസ് വരുതിയിലാക്കിയ ഇസ്മായില സാർ, ബെൽജിയൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടി. 2-0. നിലഭദ്രമാക്കിയ സെനഗൽ വിജയം സ്വപ്നം കണ്ട വേളയിൽ അവരെ ഞെട്ടിച്ച് 86-ാം മിനിറ്റിൽ ബെൽജിയം ഗോൾ നേടി.
തോമസ് മ്യൂനിയർ നൽകിയ ക്രോസ് റോമേലു ലുക്കാക്കു ലക്ഷ്യത്തിലെത്തിച്ചു. 2-1. അടുത്ത നിമിഷത്തിൽ വീണ്ടും ബെൽജിയം ഗോളടിച്ചു. 89-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ക്രോസ് സെനഗൽ ഗോൾകീപ്പർ മോറി ഡിയാവിന്റെ കൈയിൽ നിന്ന് വഴുതി വീണു. ഞൊടിയിടയിൽ പന്തിന് തലവെച്ച് ബെൽജിയത്തിന്റെ യൂറി ടൈലെമാൻസ് മത്സരം സമനില വരുത്തി. 2-2.
മത്സരം അധികസമയത്തേക്ക് പോകുന്ന ഘട്ടത്തിൽ 125-ാം മിനിറ്റിൽ ബെൽജിയത്തിനായി ടൈലെമാൻസ് നടത്തിയ മുന്നേറ്റം തടയുന്നതിനിടെ ബോക്സിലുണ്ടായ ഫൗളിന് വാർ പരിശോധനയിൽ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പന്ത് ടൈലെമാൻസ് ലക്ഷ്യത്തിലെത്തിച്ചതോടെ ഗോൾ നില 3-2. അപ്രതീക്ഷിത തോൽവിയിൽ സെനഗൽ കടുത്ത നിരാശയിലാണ്ടു. ബെൽജിയം പ്രീക്വാർട്ടറിലുമെത്തി.
