വാടകക്കാർക്ക് വീട് നൽകുമ്പോൾ ഉടമസ്ഥർ പലവിധ നിബന്ധനകൾ വെക്കാറുണ്ട്. എന്നാൽ മുംബൈയിൽ ഒരു യുവതിക്ക് ‘ന്യൂമറോളജി’ ഒത്തുവരാത്തതിന്റെ പേരിൽ ഫ്ലാറ്റ് നിഷേധിച്ചെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ചർച്ചയും ഉണർത്തുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ വാഗ്മിത സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ കൂട്ടുകാരിക്ക് നേരിട്ട ഈ വിചിത്ര അനുഭവം വെളിപ്പെടുത്തിയത്.
ഫ്ലാറ്റ് കാണാനായി മുംബൈയിലെ ഒരു സൊസൈറ്റിയിലെത്തിയതായിരുന്നു യുവതി. മികച്ച വിദ്യാഭ്യാസവും ഉയർന്ന ജീവിതസാഹചര്യവുമുള്ള ഫ്ലാറ്റ് ഉടമയായ സ്ത്രീ, കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തന്നെ യുവതിയോട് “നിങ്ങളുടെ നമ്പർ ഏതാണ്?” എന്ന് ചോദിക്കുകയായിരുന്നു. ഫോൺ നമ്പറാണ് ചോദിച്ചതെന്ന് കരുതി യുവതി മൊബൈൽ നമ്പർ പറയാൻ തുടങ്ങിയപ്പോഴാണ്, ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള ന്യൂമറോളജി നമ്പറാണ് താൻ ഉദ്ദേശിച്ചതെന്ന് ഉടമ വ്യക്തമാക്കിയത്.
തുടർന്ന് നമ്പറുകൾ ഒത്തുനോക്കിയ ഫ്ലാറ്റ് ഉടമ, തന്റെ വീടിന്റെ നന്പർ നാല് ആണെന്നും യുവതിയുടെ നമ്പർ ‘ഏഴ്’ ആണെന്നും കണ്ടെത്തി. ഈ നമ്പറുകൾ തമ്മിൽ ചേരില്ലെന്നും, ഇത് ദോഷം ചെയ്യുമെന്നും പറഞ്ഞുകൊണ്ട് അവർ യുവതിക്ക് ഫ്ലാറ്റ് വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുകയായിരുന്നു എന്ന് വാഗ്മിത വീഡിയോയിൽ പറയുന്നു.
നടന്ന സംഭവങ്ങൾ വിശ്വസിക്കാനാകാതെ തമാശ രൂപേണയാണ് ഇൻഫ്ലുവൻസർ ഇതിനോട് പ്രതികരിച്ചത്. “ഈ മാനസികാവസ്ഥയെ ഞാൻ എന്ത് പേരിട്ട് വിളിക്കും?” എന്ന് പാട്ടുപാടിക്കൊണ്ടാണ് വാഗ്മിത വീഡിയോ അവസാനിപ്പിച്ചത്. ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുംബൈയിലെ വിചിത്രമായ വാടക നിയമങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പരിഹാസവും തമാശയും നിറഞ്ഞ കമന്റുകളുമായി രംഗത്തെത്തിയത്.
