ഹരിപ്പാട്: ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലും എക്സൈസും പോലീസും നടത്തിയ വ്യാപക ലഹരിവിരുദ്ധ റെയ്ഡുകളിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയും യുവതിയുമടക്കം ആറുപേർ പിടിയിലായി. എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ, പോലീസീന്റെ ഓപ്പറേഷൻ തൂഫാൻ എന്നീ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായായിരുന്നു പരിശോധനകൾ.
3.9 ഗ്രാം എംഡിഎംഎയുമായി കുപ്രസിദ്ധ കുറ്റവാളി
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി കരുവാറ്റ എസ്എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷ് (35) പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. ടോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുധീഷ് കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മറ്റൊരു റെയ്ഡിൽ, ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കളും എക്സൈസിന്റെ പിടിയിലായി.
ഓപ്പറേഷൻ തൂഫാൻ:യുവാവും യുവതിയും വലയിൽ
പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ സ്പെഷൽ ഡ്രൈവായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായത്. കുമാരപുരം താമല്ലാക്കൽ വടക്ക് ഉസ്മാനിയ മൻസിലിൽ ഇല്ല്യാസ് (37), വീയപുരം സ്വദേശിനി ഗോപിക(27) എന്നിവരാണ് ഹരിപ്പാട്, വീയപുരം പോലീസിന്റെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇല്ല്യാസിൽനിന്ന് 5.72 ഗ്രാം എംഡിഎംഎയും ഗോപികയിൽനിന്ന് 0.25 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.
ഹരിപ്പാട് തെക്കേനട ജംഗ്ഷന് പടിഞ്ഞാറുഭാഗത്ത് നിർമാണത്തിലിരിക്കുന്ന സർവീസ് റോഡിന് സമീപത്തുനിന്നാണ് ഇല്ല്യാസിനെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിപണിയിൽ വൻ വിലവരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. ഇത് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.
ഇല്ല്യാസിന്റെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് ഹരിപ്പാട് പോലീസ് നടത്തിയ അന്വേഷണമാണ് വീയപുരത്തെ അറസ്റ്റിലേക്ക് നയിച്ചത്. സ്വന്തം ഉപയോഗത്തിനായി ഇല്ല്യാസിൽനിന്ന് ലഹരിമരുന്ന് വാങ്ങിയ ഗോപികയെ വീയപുരം പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരെയും മറ്റ് ഇടപാടുകാരെയും കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ലഹരിവസ്തുക്കളുടെ കച്ചവടത്തിനും വിതരണത്തിനുമെതിരേ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവരുണ്ടായിരുന്നു. ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബുവിന്റെ നേതൃത്വത്തിൽ എസ്ഐ ഇ. നൗഷാദ്, എഎസ്ഐ പ്രമോദ്, സിപിഒ ശ്രീനാഥ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളായ ഗിരീഷ്, ഇജാസ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
