പരവൂർ: യുപിഐ പേയ്മെന്റ് ആപ്പുകൾ വഴിയുള്ള ഇടപാടുകളിൽ ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വർധിപ്പിക്കുന്നതിന് ഫോൺ നമ്പറുകൾ മാസ്ക് ചെയ്യാൻ (മറച്ചു വയ്ക്കാൻ) നാഷണൽ പേയ്മെന്റ്് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശം നൽകി.
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുമായും യുപിഐ ആപ്പുകളുമായും എൻപിസിഐ ചർച്ചകൾ നടത്തിവരികയാണ്.
നിലവിൽ പേയ്മെന്റുകൾ നടത്തുന്നതിനും അവ പരിശോധിക്കുന്നതിനും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളെയാണ് യുപിഐ സംവിധാനം പ്രധാനമായും ആശ്രയിക്കുന്നത്.എന്നാൽ ഡിപിഡിപി നിയമപ്രകാരം മൊബൈൽ നമ്പറുകളോ പൂർണമായ ഐഡന്റിറ്റികളോ വെളിപ്പെടുത്തുന്നത് സ്വകാര്യതാ ലംഘനത്തിന് കാരണമാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ പുതിയ പരിഷ്കാരം.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഫോൺ നമ്പറുകൾക്ക് പകരം ഉപയോക്തൃനാമം ( യൂസർ നെയിം) അടിസ്ഥാനമാക്കിയുള്ള യുപിഐ ഐഡികളായിരിക്കും ആപ്പുകളിൽ ഡിഫോൾട്ട് ഓപ്ഷനായി നൽകുക. ഇതിലൂടെ ഇടപാടുകൾ നടത്തുമ്പോൾ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയാനാകും.
എല്ലാ പങ്കാളി ബാങ്കുകളുടെയും യുപിഐ ആപ്പുകളുടെയും സാങ്കേതിക സംവിധാനങ്ങൾ ഇതിനായി സജ്ജമാണെന്ന് ഉറപ്പുവരുത്താൻ എൻപിസിഐ ഉന്നതതല ചർച്ചകൾ തുടരുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ്് പ്ലാറ്റ്ഫോമായ യുപിഐയിൽ വരുന്ന ഈ മാറ്റം ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുനൽകും.
- എസ് ആർ. സുധീർ കുമാർ
